മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. തന്റെ മൂന്നാമത്തെ സംവിധാനസംരംഭം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ എമ്പുരാന്‍ റിലീസിന് മുമ്പ് തന്നെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തിരുന്നു. ആദ്യദിന കളക്ഷന്‍, ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ തുടങ്ങി പല കളക്ഷനും എമ്പുരാന് മുന്നില്‍ മുട്ടുമടക്കിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് എന്ന നേട്ടവും എമ്പുരാന്‍ സ്വന്തമാക്കി. 2018 എവരിവണ്‍ ഈസ് എ ഹീറോയെ തകര്‍ത്താണ് എമ്പുരാന്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയത്. ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുന്ന മോഹന്‍ലാലിന്റെ ആറാമത്തെ ചിത്രമാണ് എമ്പുരാന്‍. ഇതോടെ ഇന്ത്യന്‍ സിനിമയിലെ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരിക്കുകയാണ്.
അഞ്ച് പതിറ്റാണ്ടിലും ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്വന്തമാക്കിയ ഒരേയൊരു ഇന്ത്യന്‍ നടനായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. രജിനികാന്തിന് പോലും ഈ നേട്ടം ഇല്ലെന്ന് മനസിലാകുമ്പോഴാണ് മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം വ്യക്തമാകുന്നത്. 1998ല്‍ ചിത്രം, 1991ല്‍ കിലുക്കം, 2000ല്‍ നരസിംഹം, 2013ല്‍ ദൃശ്യം, 2016ല്‍ പുലിമുരുകന്‍, 2025ല്‍ എമ്പുരാന്‍ എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടില്‍ ഇന്‍ഡസ്ട്രി ഹിറ്റായ മോഹന്‍ലാല്‍ ചിത്രങ്ങള്‍.
ഇതില്‍ രണ്ട് വട്ടം സ്വന്തം സിനിമയെ മറികടന്ന് മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ മമ്മൂട്ടിയുടേതായി വെറും മൂന്ന് ചിത്രങ്ങളാണ് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയത്. തമിഴില്‍ രജിനികാന്തിന്റെ അവസാന ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ലഭിച്ചത് 2010ലായിരുന്നു. വന്‍ വിജയമായി മാറിയ ജയിലറിന് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറാന്‍ സാധിച്ചിരുന്നില്ല.
എമ്പുരാന് മുമ്പിറങ്ങിയ സിനിമകളില്‍ പലതും വിജയമാക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നില്ല. കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ തിയേറ്റര്‍ പരാജയം നേരിട്ട് പലരും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ വരെ വെല്ലുവിളിച്ചിരുന്നു. ജീത്തു ജോസഫുമായി ഒന്നിച്ച നേര് മാത്രമായിരുന്നു ആശ്വാസവിജയം നേടിയത്. വന്‍ ബജറ്റിലെത്തിയ മലൈക്കോട്ടൈ വാലിബന്‍, ബാറോസ് എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായി മാറിയിരുന്നു.
ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും എമ്പുരാന്റെ വിജയം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യന്‍ അന്തിക്കാടുമായി ഒന്നിക്കുന്ന ഹൃദയപൂര്‍വം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ശക്തമായ വേഷവും മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlight: Mohanlal become the only actor in India who have industry hit in Five decades