സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ സോഫി എന്ന മകളായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ബാലതാരമാണ് തേജസ്വിനി പ്രവീണ്‍. ചിത്രത്തില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് കടന്നുവരുന്നതെങ്കിലും വന്ന ഭാഗങ്ങളെല്ലാം ഏറ്റവും സ്വാഭാവികതയോടെയാണ് തേജസ്വിനി കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലും തേജസ്വിനി എത്തുന്നുണ്ട്. ആര്‍ക്കറിയാം, ബറോസ് എന്നീ ചിത്രങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുയാണ് തേജസ്വിനി ഇപ്പോള്‍.
ബറോസ് ഷൂട്ടിന്റെ സമയത്ത് മോഹന്‍ലാല്‍ ആര്‍ക്കറിയാമിനെ കുറിച്ച് ഓര്‍ത്തുപ്പറഞ്ഞതില്‍ ഏറെ സന്തോഷം തോന്നിയെന്നാണ് തേജസ്വിനി പറയുന്നത്. വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വിനി.
‘ബറോസില്‍ വളരെ ചെറിയ റോളാണ്. ആദ്യ ദിവസം ഞാന്‍ മോഹന്‍ലാല്‍ അങ്കിളിന്റെയടുത്ത് ചെന്ന് അനുഗ്രഹം ചോദിച്ചിരുന്നു. അദ്ദേഹം എന്നെ ബ്ലെസ് ചെയ്തു.
അന്നായിരുന്നു ആര്‍ക്കറിയാം ഇറങ്ങിയത്. അങ്കിളിനോട് സിനിമയുടെ കാര്യം പറഞ്ഞു. ഷൗട്ട് ചെയ്തുള്ള ഒരു സീനായിരുന്നു അന്ന് എടുക്കാനുണ്ടായിരുന്നത്. ആ സമയത്ത് മോഹന്‍ലാല്‍ അങ്കിള്‍ ‘ഇന്ന് ആര്‍ക്കറിയാം മൂവ് റിലീസ് ആവുകയാണ്. അപ്പോള്‍ ഉറക്കെ പറയണം’ എന്ന് പറഞ്ഞു. അങ്കിള്‍ അത് ഓര്‍ത്തതില്‍ സന്തോഷം തോന്നി,’ തേജസ്വിനി പറയുന്നു.
ആര്‍ക്കറിയാം സിനിമയിലും എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തുവെന്നും ടേക്ക് തെറ്റിപ്പോയാല്‍ വീണ്ടുമെടുക്കുമ്പോള്‍ ശരിയാകുമെന്ന് പറഞ്ഞ് ബിജു മേനോനും പാര്‍വതിയും പിന്തുണക്കുമായിരുന്നെന്നും തേജസ്വിനി പറയുന്നു.
പാര്‍വതി ചേച്ചി ഭയങ്കര സപ്പോര്‍ട്ടീവാണ്. ഇപ്പം എന്തെങ്കിലും തെറ്റിയാല്‍ തന്നെ ‘അതു കുഴപ്പമില്ല, നമുക്ക് അടുത്ത ടേക്കില്‍ ശരിയാക്കാം’ എന്ന് പറയും. കൂളായി ചെയ്താല്‍ മതിയെന്ന് പറയും.
ബിജു അങ്കിളും സപ്പോര്‍ട്ടീവ് ആയിരുന്നു. ഒരു പ്രാവശ്യം തെറ്റിച്ചപ്പോള്‍ ബിജു അങ്കിള്‍ എന്നോട് ‘ അടുത്ത ടേക്കില്‍ നീ കലക്കും’ എന്നായിരുന്നു പറഞ്ഞതെന്നും തേജസ്വിനി പറഞ്ഞു.
നന്തന്‍കോട് ഹോളി ഏഞ്ചല്‍സ് ഐ.എസ്.സി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ തേജസ്വിനി പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ്.