മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച മഹാനടൻ ഇന്നസെൻ്റ് വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം. 2023 മാർച്ച് 26നാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നസെൻ്റ് മരണപ്പെട്ടത്. ഇപ്പോൾ ഇന്നസെന്‍റിനെക്കുറിച്ച് വികാരാദീനനായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സത്യൻ അന്തിക്കാട്. ശ്രീനിവാസനുമായി സംസാരിച്ചെന്നും ഇപ്പോഴും ഇന്നസെൻ്റ് വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
മാമുക്കോയയെക്കുറിച്ചും കെ.പി.എ.സി ലളിതയെക്കുറിച്ചും, ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ചും നെടുമുടി വേണുവിനെക്കുറിച്ചും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. അനുഭവങ്ങളുടെ കലവറയാണ് ഇന്നസെൻ്റെന്നും കെ.പി.എ.സി ലളിതയും ഇന്നസെൻ്റും നെടുമുടി വേണുവും ഒടുവിൽ ഉണ്ണികൃഷ്നനും ഇല്ലാതെ തൻ്റെ സെറ്റ് എങ്ങനെ പൂർണമാകുമെന്ന് മോഹൻലാൽ ചോദിച്ചുവെന്നും സത്യൻ പോസ്റ്റു ചെയ്തു.
സത്യൻ അന്തിക്കാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം-
‘ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴിമുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.
‘ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?’ എന്ന് പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു
‘അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി’ എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോൺ റിംങ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്,’ സത്യൻ അന്തിക്കാട് കുറിച്ചു.
Content Highlight: Mohanlal asked how Satyettan’s set would be complete without them says Sathyan Anthikad