| Sunday, 26th December 2021, 7:12 pm

നടനായും സംവിധായകനായും മോഹന്‍ലാല്‍; ഷൂട്ടിംഗ് പുനരാരംഭിച്ച് ബറോസ്, പ്രെമോ ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. കൊവിഡ് ഭീഷണി മുലം നിര്‍ത്തിവെച്ച ഷൂട്ടിംഗ് ആണ് ഇപ്പോള്‍ പുനരാരംഭിച്ചത്.

ചിത്രത്തിന്റെ പ്രൊമോ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്.

ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഗുരു സോമസുന്ദരവും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ ഒന്നില്‍ എത്തുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more