| Friday, 15th March 2024, 9:15 am

സാധാരണ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ബ്ലെസി അന്ന് ചെയ്തത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം ഭാരം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ മോഹന്‍ലാല്‍ ബ്ലെസിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലും ബ്ലെസിയും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളാണ് മലയാളികള്‍ക്ക് ലഭിച്ചത്. തന്മാത്രയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ ഭ്രമരവും പ്രണയവും മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ കയറി. ബ്ലെസിയുമായി വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം താരം പങ്കുവെച്ചു.

‘ബ്ലെസിയെ ഞാന്‍ ആദ്യമായി കാണുന്നത് പദ്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയിലാണ്. അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ബ്ലെസി. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും നല്ല രീതിയില്‍ തന്നെ തുടരുകയാണ്. എന്റെ കരിയറിലെ മികച്ച സിനിമകളില്‍ മൂന്നെണ്ണം ബ്ലെസിയാണ് സംവിധാനം ചെയ്തത്. തന്മാത്ര, പ്രണയം, ഭ്രമരം. ഇതുകൂടാതെ ബ്ലെസിക്ക് ലഭിച്ച ഗിന്നസ് റെക്കോഡിലും ഭാഗമാകാന്‍ എനിക്ക് സാധിച്ചു. ക്രിസ്‌റ്റോസ്റ്റം തിരുമേനിയുടെ 100ാം ജന്മദിനവുമായി ബന്ധപ്പെട്ട് 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തയാളാണ് ബ്ലെസി.

ഒരു സാധാരണക്കാരന് ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് അത്. ഈ സിനിമയുടെ ഓരോ ഘട്ടത്തിലും സിനിമയുടെ ഓരോരുത്തരും എടുത്ത കഷ്ടപ്പാട് എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. ഈ സിനിമയുടെ ടാഗ് ലൈനായ ‘എവരി ബ്രെത്ത് ഈസ് എ ബാറ്റില്‍’, ഓരോ ശ്വാസവും ഒരു യുദ്ധമാണ് എന്നത് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചേരുന്ന ഒന്നാണ്. കാരണം ഓരോരുത്തരും അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്. കൊറോണയുടെ സമയത്ത് ഇവര്‍ ജോര്‍ദാനില്‍ കുടുങ്ങിയ സമയത്ത് ക്രൂവിലെ അംഗങ്ങളെ വിളിച്ച് അവരെ ഓക്കെയാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. മറ്റെല്ലാവരെയും പോലെ ഞാനും ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal appreciates Blessy in Aadujeevitham audio launch

We use cookies to give you the best possible experience. Learn more