| Friday, 9th December 2022, 5:12 pm

നീ ഞങ്ങളുടെ അഭിമാനമാണ്; ബേസിലിനെ പ്രശംസിച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022 ഏഷ്യല്‍ അക്കാദമി അവാര്‍ഡ്‌സില്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍.
ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ബേസിലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

‘അഭിനന്ദനങ്ങള്‍ ബേസില്‍ ജോസഫ്. നീ ഞങ്ങളുടെ അഭിമാനമാണ്,’ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.

പതിനാറ് രാജ്യങ്ങളായിരുന്നു പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ബേസില്‍ ജോസഫ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.

ഈ ലഭിച്ച പുരസ്‌കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ളിക്സ്, സിനിമയിലെ അഭിനേതാക്കള്‍, എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു,’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ടൊവിനോ തോമസ്, സഞ്ജു സാംസണ്‍, സൈജു കുറുപ്പ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ താരത്തിന് ആശംസകള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്‌ളിക്സിലൂടെ പ്രദര്‍ശനത്തിനെത്തിയ പാന്‍ ഇന്ത്യന്‍ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പര്‍ ഹീറോ എന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ വില്ലനായ ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

Content Highlight: mohanlal appreciate basil joseph

We use cookies to give you the best possible experience. Learn more