| Saturday, 8th April 2023, 11:08 pm

രക്തസാക്ഷിയായ മധുവിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും ഖേദം പ്രകടിപ്പിക്കുന്നു; ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ഥികളില്‍ ഒരാളും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം മധുവിനെതിരെ നടത്തിയ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ടാസ്‌ക്കിനിടെ സഹമത്സരാര്‍ഥിയോട് തമാശ പറയാനായി ആള്‍ക്കൂട്ട വിചാരണക്ക് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ പേര് അഖില്‍ പരാമര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ചത്തെ എപ്പിസോഡില്‍ മത്സരാര്‍ഥിയുടെ ഈ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ച അവതാരകനായ മോഹന്‍ലാല്‍ സംഘാടകര്‍ എന്ന നിലയില്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചു.

സമൂഹം മാനിക്കുന്ന പൊതുമര്യദകള്‍ ലംഘിക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും തിരുത്തേണ്ടതുണ്ടെന്നും അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും രക്തസാക്ഷിയായ മധുവിനെതിരെ മത്സരാര്‍ഥി നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ലോകമെമ്പടുമുള്ള പ്രേക്ഷകരോടും മാപ്പ് ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘സമൂഹം മാനിക്കുന്ന പൊതുമര്യാദകളെ അനാവശ്യമായി ലംഘിക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടതും തിരുത്തേണ്ടതും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയുടെ സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ ദിവസം മത്സരാര്‍ഥികളില്‍ ഒരാള്‍ ഒരു ടാസ്‌ക്കിനിടെ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു.

നിരുത്തരവാദിത്തപരമായ ഈ പരാമര്‍ശത്തില്‍ മധുവിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

തുടര്‍ന്ന് സംവിധായകന്‍ കൂടിയായ അഖിലിനോട് ഈ വിഷയം സംസാരിച്ചപ്പോള്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ മറുപടി. താന്‍ തമാശയും ആക്ഷേപഹാസ്യവുമാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ അഖിലിനോട് അതൊരു തമാശയാണോ എന്നും സാമൂഹിക ശ്രദ്ധയുള്ള ഒരു വിഷയത്തില്‍ കമന്റ് പറയുക എന്നത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമല്ലേ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

‘ഇതുപോലെ ഒരു ഷോയില്‍ തമാശ പറയുമ്പോള്‍ ശ്രദ്ധിക്കണം. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു അത്,’ മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ആ സമയത്ത് മധുവിനെ പിന്തുണച്ച് കവിത എഴുതിയിട്ടുള്ള ആളാണെന്ന് അഖില്‍ പറഞ്ഞിരുന്നു. എന്നിട്ടാണോ ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നാണ് അഖിലിന്റെ പരാമര്‍ശത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി.

‘ഞാന്‍ പറഞ്ഞത് മറ്റേതെങ്കിലും രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പ് ചോദിക്കാന്‍ തയ്യാറാണ്. തെറ്റിദ്ധാരണ ആയാലും അല്ലാതെ ആയാലും മാപ്പ് ചോദിക്കുന്നു,’ തുടര്‍ന്ന് അഖില്‍ പറഞ്ഞു.

content highlight: mohanlal apologies in bigg boss malayalam season 5

We use cookies to give you the best possible experience. Learn more