Advertisement
Film News
'ഹൃദയം' റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 22, 02:27 pm
Wednesday, 22nd December 2021, 7:57 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ ദര്‍ശന എന്ന ഗാനം 12 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:l mohanlal anounces the release date of hridayam