മോഹന്‍ലാല്‍ സംവിധായകനാകുന്നു; ചിത്രത്തിന്റെ പേര് 'ബറോസ്സ്'; സംവിധാനം ചെയ്യുന്നത് ത്രീഡി ചിത്രം; പ്രധാന കഥാപാത്രവും മോഹന്‍ലാല്‍
കോഴിക്കോട്: മോഹന്‍ലാല്‍ സിനിമാ സംവിധാനം ചെയ്യുന്നു. അദ്ദേഹം തന്നെയാണ് തന്റെ ബ്ലോഗ് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബറോസ്സ്’ എന്നാണു ചിത്രത്തിന്റെ പേരെന്നും ഇതൊരു ത്രീഡി ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബറോസ്സായി അഭിനയിക്കുന്നത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്നു അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്. സിനിമ നിര്‍മിക്കുന്നത് നവോദയയാണ്.
ഗോവയായിരിക്കും ലൊക്കേഷനെന്നും ലാല്‍ പറയുന്നു. സ്ഥലങ്ങള്‍ കണ്ടുകഴിഞ്ഞെന്നും തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
ത്രീഡി സ്റ്റേജ് ഷോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും സംവിധായകന്‍ ടി.കെ രാജീവ് കുമാറും ജിജോയെ ചെന്നു കണ്ടപ്പോഴാണ് കഥ വായിക്കുന്നതും സിനിമയെക്കുറിച്ച് ആലോചിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
മോഹന്‍ലാല്‍ എഴുതിയ കുറിപ്പ് വായിക്കുക..
A New Journey Begins – Barroz Guardian Of D’ Gama’s Treasure