|

അപ്പോ എങ്ങനാ... ഉറപ്പിക്കാവോ; സര്‍പ്രൈസുകള്‍ക്കൊടുവില്‍ സ്ഫടികത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ മലയാളത്തിലെ ക്ലാസിക്കായി മാറിയ സ്ഫടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

2023 ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.

”എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.


ലോകമെമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9ന് സ്ഫടികം 4k Atmosല്‍ എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…

അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?,” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

രാഷ്ട്രീയ- സിനിമാ രംഗത്തെ പ്രമുഖര്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, നടന്‍ ആന്റണി വര്‍ഗീസ് തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

‘എപ്പം ഉറപ്പിച്ചെന്ന് ചോദിച്ചാല്‍ മതി’ എന്ന് ആന്റണി വര്‍ഗീസ് കമന്റ് ചെയ്തപ്പോള്‍, ‘തോമാച്ചായന്‍ ചോദിച്ച സ്ഥിതിക്ക് അങ്ങ് ഒറപ്പിച്ചേക്കാം’, എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത്.

1995ല്‍ റിലീസ് ചെയ്ത സ്ഫടികത്തില്‍ തിലകന്‍, ഉര്‍വശി, നെടുമുടി വേണു, കെ.പി.എ.സി ലളിത, ചിപ്പി, സ്ഫടികം ജോര്‍ജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

ബോക്‌സ് ഓഫീസ് തരംഗമായി മാറിയ ചിത്രത്തിലെ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം ഇന്നും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഒന്നാണ്.

Content Highlight: Mohanlal announced the release date of movie Spadikam

Video Stories