ലിജോ ജോസ് പെല്ലിശ്ശേരിയുമായി കെെ കോര്‍ത്ത് മോഹന്‍ലാല്‍. തന്റെ അടുത്ത പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കഴിവുറ്റ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമാണെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ആരാധകര്‍ക്ക് ആവേശമാകുന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ കാര്യം അറിയിക്കുന്നതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചു.
പ്രൊഡക്ഷന്‍ ഹൗസായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്‌സ് ലാബ്‌സും സെഞ്ച്വറി ഫിലിംസ് ചേര്‍ന്നാണ് പ്രൊജക്ട് നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിജോ ജോസ് പെല്ലിശ്ശേരിക്കും മറ്റ് അംഗങ്ങള്‍ക്കും ഒപ്പമുള്ള ഫോട്ടോയും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒരുമിക്കുന്നെന്ന അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഇതോടെ എല്‍.ജെ.പി – മോഹന്‍ലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇരുവരുടെയും ആരാധകര്‍ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല.
മോഹന്‍ലാലിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ സിനിമകള്‍ വലിയ വിജയങ്ങളാകാതിരുന്നത് കൊണ്ട് തന്നെ മോഹന്‍ലാല്‍ ഫാന്‍സടക്കം വലിയ പ്രതീക്ഷയോടെയാണ് എല്‍.ജെ.പി ചിത്രത്തിന്റെ അനൗണ്‍സ്മെന്റിന് വേണ്ടി കാത്തിരിക്കുന്നത്.
അതേസമയം മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ വൈറലായിരുന്നു.
content highlight: Mohanlal announced Lijo Jose Pellissery movie