|

ജിത്തു മാധവനും അമല്‍ നീരദുമല്ല, ഹൃദയപൂര്‍വത്തിന് ശേഷം മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന സംവിധായകനെ കണ്ട് ഷോക്കായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലധികമായി മലയാളികളുടെ സിനിമാജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായി നിലനില്‍ക്കുകയാണ് മോഹന്‍ലാല്‍ എന്ന നടന്‍. കഴിഞ്ഞ കുറച്ച് കാലങ്ങളിലായി സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് വിജയത്തിന്റെ പേരിലും മോഹന്‍ലാല്‍ എന്ന നടന്‍ വിമര്‍ശനത്തിന് വിധേയനാകുന്നുണ്ട്.

എന്നാല്‍ വരാനിരിക്കുന്ന പ്രൊജക്ടുകള്‍ താരത്തിന്റെ സിംഹാസനം വീണ്ടെടുക്കാനുള്ളവയായിരിക്കുമെന്ന് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ഹൃദയപൂര്‍വത്തിന്റെ ഷൂട്ടിലാണ് താരം ഇപ്പോള്‍. ഹൃദയപൂര്‍വത്തിന് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന പ്രൊജക്ടുകളെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ശക്തമായ റൂമറുകളുണ്ടായിരുന്നു.

ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രവും, ബോഗെയ്ന്‍വില്ലക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവും മോഹന്‍ലാലിനൊപ്പമുള്ളതായിരിക്കുമെന്ന് റൂമറുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പുതിയ പ്രൊജക്ട് അനൗണ്‍സ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്ത പ്രൊജക്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. അനൂപ് മേനോന്‍ സംവിധായകകുപ്പായമണിയുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. മുമ്പ് സംവിധാനം ചെയ്ത കിങ് ഫിഷ്, പദ്മ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.

അനൂപ് മേനോന്‍ തിരക്കഥയൊരുക്കിയ ആദ്യചിത്രമായ പകല്‍ നക്ഷത്രങ്ങളില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. അനൂപ് മേനോന്റെ സ്ഥിരം ശൈലിയിലുള്ള സിനിമയില്‍ മോഹന്‍ലാല്‍ അവതരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.

Content Highlight: Mohanlal announced his next project written and directed by Anoop Menon