| Saturday, 4th November 2023, 5:51 pm

ഒടുവിൽ ബറോസ് പ്രത്യക്ഷപ്പെടുന്നു, റിലീസ് ഡേറ്റ് പുറത്ത് വിട്ട് മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. മോഹൻലാൽ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

അടുത്ത വർഷം മാർച്ച്‌ 28 ന് ബറോസ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അനൗൺസ് ചെയ്തപ്പോൾ തൊട്ട് മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.

അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്. പുറത്തിറങ്ങിയ പോസ്റ്ററിൽ താടി നീട്ടി വളർത്തി വാളും പരിചയുമേന്തി മൊട്ടത്തല യുമായി നിൽക്കുന്ന മോഹൻലാലിനെ കാണാം. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം 3D ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഒരുക്കിയ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം നിധി കാക്കുന്ന ഒരു ഭൂതത്താന്റെ കഥയാണ് പറയുന്നത്.

ബറോസ്  എന്ന ഭൂതമായി മോഹൻലാൽ അഭിനയിക്കുമ്പോൾ സ്പാനിഷ് താരം പാസ് വേഗ, റാഫേൽ അമർഗോ തുടങ്ങിയവും പ്രധാന വേഷത്തിൽ എത്തുന്നു. ഹോളിവുഡിലെ പ്രശസ്തരായ പലരും സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ബറോസ് അഡ്വഞ്ചർ ഫാന്റസി ചിത്രമായാണ് ഒരുങ്ങുന്നത്.

Content Highlight: Mohanlal Announce Barozz’s  Release Date

We use cookies to give you the best possible experience. Learn more