| Saturday, 30th October 2021, 3:42 pm

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു; നവംബര്‍ 10 മുതല്‍ ചിത്രീകരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.

പുലിമുരുകന് കഥയൊരുക്കിയ ഉദയ്കൃഷ്ണ തന്നെയാണ് പുതിയ ചിത്രത്തിനും കഥയും തിരക്കഥയുമൊരുക്കുന്നത്. ഇതോടെ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കാന്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ 10 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് വെച്ച് തുടങ്ങും. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവിരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പുലിമുരുകന്റെ രണ്ടാംഭാഗം തുടങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു കഥയുമായി ഉദയകൃഷ്ണന്‍ മോഹന്‍ലാലിനെ സമീപിക്കുന്നതും അത് പെട്ടന്ന് തന്നെ പ്രൊജക്ടായി മാറുന്നതും.

നൂറുകോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാലിനൊപ്പം ലാല്‍, കമാലിനി മുഖര്‍ജി, ജഗപതി ബാബു, ബാല, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എലോണി’ന് ശേഷം മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തെ കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് ചിത്രമെത്തുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും എലോണിലൂടെ ഒന്നിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഡയലോഗ് ടീസറും മറ്റ് പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു.

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിക്കുന്നത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം.

രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം.

ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേരത്തെ മമ്മൂട്ടി നായകനായ കസബയിലും ജഗന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്ക് വീഡിയോയും ജഗന്‍ സംവിധാനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Mohanlal and Vaishak to unite after Pulimurukan

We use cookies to give you the best possible experience. Learn more