Entertainment news
മോഹന്‍ലാല്‍ - ശ്രീകുമാര്‍ കൂട്ടുക്കെട്ടില്‍ സിനിമയെ വെല്ലുന്ന പരസ്യചിത്രം; റിലീസ് തീയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 18, 03:10 pm
Thursday, 18th January 2024, 8:40 pm

കൊച്ചി: സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ – വി.എ. ശ്രീകുമാര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. കഴിഞ്ഞ ദിവസം വി.എ. ശ്രീകുമാറിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു ചിത്രം പുറത്തുവിട്ടിരുന്നു.

ഒടിയന്‍ സിനിമക്ക് ശേഷം ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു സിനിമയാകും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അതൊരു പരസ്യചിത്രമാണെന്ന് പിന്നീട് വ്യക്തമായി.

പരസ്യത്തിന്റെ ടീസര്‍ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമായി രണ്ട് ദിവസം കൊണ്ട് രണ്ട് മില്യണ്‍ വ്യൂ ആണ് ലഭിച്ചത്. ലോകപ്രശസ്തമായ ‘നാര്‍ക്കോസ്’ സീരിസിലേതിന് തുല്യമായ ഭാവ-വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാലിന്റെ സംഘത്തെ കമാന്‍ഡോ സംഘം തടയുന്നതും ലേഡി ചീഫിന് മുന്നിലേക്ക് ഇരു കൈകളും ഉയര്‍ത്തി മോഹന്‍ലാല്‍ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ട് കഴിഞ്ഞുവെന്ന് ലേഡി ചീഫ് പറയുന്നു.

ഏത് ബ്രാന്‍ഡിന് വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംക്ഷ നിലനിര്‍ത്തുകയാണ് വി.എ. ശ്രീകുമാര്‍. പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവേശം കൂടുതല്‍ ഉയര്‍ത്തി ഷൂട്ടിങ്ങിനിടയിലെ മോഹന്‍ലാലിന്റെ ചിരിയും ശ്രീകുമാര്‍ പുറത്തുവിട്ടു.

മോഹന്‍ലാലിനൊപ്പം നിരവധി പരസ്യങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വി.എ ശ്രീകുമാര്‍ മുമ്പും സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ‘നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം’ എന്ന പരസ്യവാചകവും മണപ്പുറം ഗോള്‍ഡ് ലോണിന് വേണ്ടി അദ്ദേഹം ഇരട്ട വേഷത്തില്‍ അഭിനയിച്ച ‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ’ എന്ന പരസ്യവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു.

ഇപ്പോള്‍ മലയാളികള്‍ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഡി.ഒ.പി മധു നീലകണ്ഠനാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആര്‍ട്ട്.

ജനുവരി 20ന് ശനിയാഴ്ച മോഹന്‍ലാല്‍ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ചിത്രീകരിച്ച രണ്ട് പരസ്യ ചിത്രങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും.

Content Highlight: Mohanlal And V A Shrikumar Advertisement Date