| Thursday, 18th January 2024, 4:27 pm

വാലിബന്‍ രണ്ട് പാര്‍ട്ടായിട്ടാണോ വരുന്നത്? രസകരമായ മറുപടിയുമായി മോഹന്‍ലാലും ഷിബു ബേബി ജോണും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പോയ വര്‍ഷം ഏറ്റവുമധികം പ്രശംസ നേടിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലിബന്‍. ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന’ എന്ന ക്യാപ്ഷനോടെ വരുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം വരുന്നത് എന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതിനെപ്പറ്റി പ്രതികരിക്കുകയാണ് മോഹന്‍ലാലും നിര്‍മാതാവ് ഷിബു ബേബി ജോണും.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് ഇരുവരുടെയും പ്രതികരണം. വാലിബന്‍ എന്ന സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഷിബു ബേബിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുകയാണ്, ഒരിക്കലും കള്ളം പറയരുത്, എന്നുവെച്ച് എല്ലാ സത്യങ്ങളും വിളിച്ചു പറയാനും പാടില്ല. രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ല. അതൊക്കെയല്ലേ അതിന്റെ സര്‍പ്രൈസ്? അത് മുഴുവന്‍ മുന്‍കൂട്ടി പറഞ്ഞാല്‍ സര്‍പ്രൈസ് ഉണ്ടോ?’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഇതേ ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. സിനിമ കണ്ടിട്ട് നിങ്ങള്‍ തന്നെ പറ സെക്കന്‍ഡ് പാര്‍ട്ട് വേണോ വേണ്ടയോ എന്ന്. ഫസ്റ്റ് പാര്‍ട്ട് തന്നെ വേണമായിരുന്നോ എന്നും കൂടെ നിങ്ങള്‍ പറയണം’ മോഹന്‍ലാല്‍ പറഞ്ഞു. പി.എസ് റഫീഖാണ് സിനിമയുടെ തിരക്കഥ. നായകന്‍, ആമേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോയും റഫീഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. പ്രശാന്ത് പിള്ളയാണ് സംഗീതം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് ദീപു എസ് ജോസഫാണ്.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജയ്‌സാല്‍മേര്‍, പൊഖ്‌റാന്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Mohanlal and Shibu Baby John about second part of Malaiikkottai Vaaliban

Latest Stories

We use cookies to give you the best possible experience. Learn more