|

ഹിറ്റ് കോമ്പോ വീണ്ടും, ഇതുപോലൊരു പാട്ട് കേട്ടിട്ട് എത്രനാളായി; ലാലേട്ടന് വേണ്ടി പാടി എം.ജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് തുടരും. പ്രഖ്യാപനം മുതല്‍ക്ക് തന്നെ വലിയ ശ്രദ്ധ നേടിയ സിനിമയാണ് ഇത്. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്.

സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന സിനിമയാണ് തുടരും. മാസ് ഹീറോ കഥാപാത്രങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

സിനിമയുടെ ഓരോ അപ്‌ഡേറ്റിനും കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇപ്പോള്‍ ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘കണ്‍മണിപ്പൂവേ’ എന്നാരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോയാണ് പുറത്തുവിട്ടത്.

ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. മോഹന്‍ലാലും എം.ജി ശ്രീകുമാറും ഒപ്പമിരുന്ന് ഈ ഗാനം പാടുന്ന പ്രൊമോ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

പിന്നാലെ നിരവധി പേരാണ് ഈ പ്രൊമോ വീഡിയോ ഏറ്റെടുത്തത്. മോഹന്‍ലാല്‍ – എം.ജി ശ്രീകുമാര്‍ കോമ്പോ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് മിക്കവരും. ‘ഇത്തരത്തിലുള്ള ഒരു പാട്ട് കേട്ടിട്ട് ഒരുപാട് നാളായി’ എന്ന കമന്റുകളുമുണ്ട്. ഫെബ്രുവരി 21നാണ് ‘കണ്‍മണിപ്പൂവേ’ സോണി മ്യൂസിക് സൗത്തില്‍ റിലീസാകുക.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2009ല്‍ റിലീസായ സാഗര്‍ ഏലിയാസ് ജാക്കിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ശോഭനക്കും മോഹന്‍ലാലിനും പുറമെ ആര്‍ഷ ബൈജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി മികച്ച താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് തുടരും നിര്‍മിക്കുന്നത്.

Content Highlight: Mohanlal And MG Sreekumar Combo Unites For Thudarum Movie

Latest Stories