| Monday, 1st January 2024, 8:27 pm

2024 ആരെടുക്കും; വാലിബാനോ ഭ്രമയുഗമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024 തുടങ്ങുമ്പോൾ തന്നെ മലയാളത്തിന്റെ രണ്ട് താരങ്ങളുടെ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മലയാളത്തിൽ ഇറങ്ങുന്നത്. മമ്മൂട്ടിയും മോഹൻലാലും നേർക്കു നേർ കൊമ്പ്കോർക്കുമ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് എത്തുന്നത്. മമ്മൂക്കയുടെ ഭ്രമയുഗവും ബസുക്കയും ടർബോയുമായി രംഗത്തെത്തുമ്പോൾ മലൈക്കോട്ടൈ വാലിബൻ, റാം, ബാറോസ് തുടങ്ങിയ ചിത്രങ്ങളുമായി ലാലേട്ടനും മുൻനിരയിലേക്ക് എത്തുന്നുണ്ട്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റെ പോസ്റ്റർ തന്നെ ആരാധകരെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ലുക്കിലുള്ള പോസ്റ്ററുകളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. അർജുൻ അശോകൻ, മമ്മൂട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം 2024 തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലക്ക് ഭ്രമയുഗത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമയാണ് ബസൂക്ക. മമ്മൂട്ടിക്ക് പുറമെ ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഹക്കിം ഷായും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും മമ്മൂട്ടി എന്ന നടൻ മാസ്മരിക വേഷത്തിൽ അണിനിരക്കും എന്നാണ് പ്രതീക്ഷ. 2023ലെ കണ്ണൂർ സ്‌ക്വാഡിന്റെയും കാതലിന്റെയും വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന അടുത്ത ചിത്രമാണ് ടർബോ. കന്നട താരം രാജ് ബി. ഷെട്ടി തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ടീസറുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ എന്ന നടന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രം ആക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് ഇറങ്ങുക. റാം ഒരു ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ ചിത്രമാണ് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, സുരേഷ് മേനോന്‍, സിദ്ദിഖ്, ആദില്‍ ഹുസൈന്‍, ചന്തുനാഥ് തുടങ്ങിയവര്‍ റാമില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 20 ഭാഷകളിലായി പ്രദർശനത്തിന് എത്തുന്ന ചിത്രമാണ് ബാറോസ്. ചൈനീസ് പോർച്ചുഗീസ് ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്തോ സബ്ടൈറ്റിൽ നൽകിയോയാണ് ബാറോസ് പുറത്തിറക്കാൻ ലക്ഷ്യമിടുന്നത്. മോഹൻലാലിന്റെ എമ്പുരാൻ, ഓളവും തീരവും മമ്മൂട്ടിയുടെ യാത്ര 2 എന്നിവയാണ് ഇവരുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlight: Mohanlal and Mammootty’s 2024 upcoming movies

We use cookies to give you the best possible experience. Learn more