| Thursday, 1st September 2022, 9:09 am

'പ്രസിഡന്റുള്ളതുകൊണ്ട് ധൈര്യമായിട്ട് പറയാം'; കെ.എഫ്.പി.എയുടെ ഡിജിറ്റല്‍ സിനിമ കൗണ്‍സിലിന് ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ സിനിമ കൗണ്‍സിലിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് കെ.എഫ്.പി.എയുടെ ഡിജിറ്റല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കെ.എഫ്.പി.എയുടെ പുതിയ സംരംഭത്തിന് മലയാള സിനിമ മേഖലയുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞു. ‘എല്ലാ മേഖലയിലും കോര്‍പറേറ്റ് സിസ്റ്റങ്ങളും കോര്‍പറേറ്റ് രീതികളും സഹകരണപ്രസ്ഥാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സഹകരണ മനോഭാവമുള്ള, സഹകരണ സ്വഭാവമുള്ള രീതി നമ്മുടെ സിനിമക്ക് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് പുതിയൊരു കാല്‍വെയ്പാണ്. കാലിടറാതെ സ്റ്റെഡിയായിട്ട് പോട്ടെ, എല്ലാ ആശംകകളും നേരുന്നു. പ്രസിഡന്റുള്ളതുകൊണ്ട് ധൈര്യമായിട്ട് പറയാം, ഞങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാവും,’ മമ്മൂട്ടി പറഞ്ഞു.

ഇതുപോലൊരു ഡിജിറ്റല്‍ കൗണ്‍സില്‍ മലയാളത്തില്‍ നിന്നാണ് ആദ്യം തുടങ്ങുന്നത് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

‘വളരെയധികം സന്തോഷവും അഭിമാനവും ഒക്കെ തോന്നുന്ന സമയമാണിത്. അതിന്റെ പ്രധാന കാരണം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആണ് ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മുമ്പോട്ട് കൊണ്ടുവരുന്നത് എന്നതാണ്.

കേരളം വളരെ ചെറിയ ഒരു സ്ഥലമാണെങ്കില്‍ പോലും ഇവിടെ നിന്നും ഒരുപാട് അത്ഭുതങ്ങള്‍ സിനിമക്ക് ഉണ്ടായിട്ടുണ്ട്. ആദ്യത്തെ സിനിമാ സ്‌കൂള്‍ മലയാളത്തില്‍ നിന്നാണ്, ആദ്യത്തെ ത്രിഡി ഫിലിം മലയാളത്തില്‍ നിന്നാണ്. ആദ്യത്തെ കോ പ്രൊഡക്ഷന്‍ ഫിലിം മലയാളത്തില്‍ നിന്നാണ്, ഞാന്‍ തന്നെ നിര്‍മിച്ച വാനപ്രസ്ഥം.

അതുപോലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ കോണ്ടന്റ് മാസ്‌റ്റെറിങ്ങ് നമ്മുടെ കൊച്ചുകേരളത്തിലെ മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് എന്ന് പറയുന്നതില്‍ വളരെയധികം അഭിമാനമുണ്ട്. അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal and Mammootty inaugurated KFPA’s Digital cinema Council

We use cookies to give you the best possible experience. Learn more