|

ഈയൊരു കേസിൽ വിജയ് മോഹൻ രക്ഷപ്പെട്ടു പോയി; ഇനിയങ്ങനെ സംഭവിക്കുമോയെന്ന് പറയാൻ പറ്റില്ല: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ വിജയ് മോഹൻ എന്ന അഭിഭാഷകനായി എത്തിയ ചിത്രമാണ് നേര്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ചിത്രം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന് പുറമെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചത് അനശ്വരയാണ്. ഡിസംബർ 21ന് ഇറങ്ങിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദാസോടെ തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.

വിജയ് മോഹനന്റെ ഈ ഒരു കേസ് വിജയിച്ചതോടെ നേരിന്റെ രണ്ടാം ഭാഗം വരുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാലും ജീത്തു ജോസഫും. വിജയ് മോഹൻ ഈ ഒരു കേസിൽ രക്ഷപെട്ടതാണെന്നും രണ്ടാം ഭാഗം വരുമോയെന്ന് പറയാൻ പറ്റില്ലെന്നും മോഹൻലാൽ പറഞ്ഞു. ദൃശ്യം പോലും രണ്ടാം ഭാഗം കണ്ടിട്ടല്ല ഷൂട്ട് ചെയ്തതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇരുവരും നേര് സിനിമയുടെ സക്സസ് സെലിബ്രേഷന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു.

‘ഈയൊരു കേസിൽ അയാൾ രക്ഷപ്പെട്ടു പോയി. ഇനി രണ്ടാം വരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലല്ലോ. ഞാനല്ലല്ലോ അത് തീരുമാനിക്കുന്നത്. ഇനി അത്തരത്തിൽ ഒരു കഥയുണ്ടാകണം, വളരെ നല്ലൊരു കേസ് വേണം. അതിന്റെ പാർട്ട് ടു എന്ന രീതിയിൽ അല്ലല്ലോ നമ്മൾ സിനിമ ചെയ്യുന്നത്. ദൃശ്യം പോലും ഒരു പാർട്ട് ടു ഉണ്ടാകുന്നതാണ്. ഇതൊരു സ്ഥിരം പരിപാടിയാകുന്നതൊന്നുമല്ല. അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഇങ്ങനെ ഒരു സിനിമയും ഉണ്ടായതാണല്ലോ, വലിയൊരു കേസ് ആയിട്ട് വന്നാൽ അത് സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം,’ മോഹൻലാൽ പറഞ്ഞു.

രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം നിർമാതാവിനെ ഏല്പിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് ഈ സമയം കൂട്ടിച്ചേർത്തു.

‘എന്നെ ആരും വിളിച്ചിട്ടില്ല. ഇന്നലെ ഞാൻ ഒരു മീറ്റിങ്ങിന് വേണ്ടി ബോംബെയിൽ ചെന്നപ്പോൾ അവിടെയും ഈ ന്യൂസ് ഒക്കെ എത്തിയിട്ടുണ്ട്. അവിടെ എത്തിയപ്പോൾ എല്ലാവരും ഭയങ്കരമായിട്ട് കൺഗ്രാജുലേറ്റ് ചെയ്യുന്നുണ്ടായിരുന്നു. താത്പര്യമുള്ളവർ പ്രൊഡ്യൂസറെ കോൺടാക്ട് ചെയ്യട്ടെ. അദ്ദേഹത്തെ ഞാൻ എല്ലാം ഏൽപ്പിച്ചിട്ടുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Mohanlal and Jeethu joseph abour Ner 2

Latest Stories

Video Stories