കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് മോഹൻലാലും ഇടവേള ബാബുവും പടിയിറങ്ങുമെന്ന് റിപ്പോർട്ടുകൾ.
നിലവിൽ താരസംഘടനയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണ് മോഹൻലാലും ഇടവേള ബാബുവും.
കാൽ നൂറ്റാണ്ടിലേറെയായി സംഘടനയുടെ തലപ്പത്തുള്ള ഇടവേള ബാബു ഇനി ഭാരവാഹിയാകാൻ ഇല്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മോഹൻലാലും പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചത് എന്നാണ് വിവരം.
ഇടവേള ബാബു സ്വയം ഒഴിയുകയാണെങ്കിൽ ജൂൺ 30ന് പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നതും ശ്രദ്ധേയമാണ്.
1994 ലാണ് സംഘടന രൂപീകരിക്കുന്നത്. അന്ന് മുതൽ സംഘടനയുടെ വിവിധ പദവികൾ നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിൻ സെക്രട്ടറി ആയിട്ടായിരുന്നു ഇടവേള ബാബു പ്രവർത്തനം തുടങ്ങുന്നത്. മോഹൻലാലും മമ്മൂട്ടിയും പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ ബാബു സെക്രട്ടറിയായി. 2018ലാണ് ജനറൽ സെക്രട്ടറിയായത്.
ബാബു തുടർച്ചയായി ഭാരവാഹിത്വത്തിൽ തുടരുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും വിവരമുണ്ട്. ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൊതുയോഗത്തിൽ 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. പത്രിക ജൂൺ മൂന്നിന് സ്വീകരിക്കും.
Content Highlight: Mohanlal and Idavela Babu may leave ‘Amma’ leadership