| Monday, 22nd April 2024, 9:20 pm

ആരാധികയോട് ലാലേട്ടന്‍ ചോദിച്ചു, 'പോരുന്നോ എന്റെ കൂടെ'യെന്ന്; ഇല്ലെന്ന് മറുപടിയും കിട്ടി: വൈറലായി വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ വീഡിയോ. താരത്തിനെ കാണാനെത്തിയ ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍ കാറിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം.

താരം കാറിലേക്ക് കയറാന്‍ തുടങ്ങിയതും വയോധികയായ ഒരു സ്ത്രീ അടുത്തേക്ക് ചെല്ലുകയായിരുന്നു. മോഹന്‍ലാലിന് കൈ നല്‍കി തലോടി തന്റെ സ്‌നേഹം പ്രകടിപ്പിച്ചു. പിന്നാലെ കാറിലേക്ക് കയറും മുമ്പ് ‘വരുന്നോ എന്റെ കൂടെ’ എന്ന് താരം ചോദിച്ചു.

കൂടുതല്‍ ഒന്നും ചിന്തിക്കാതെ തന്നെ ആരാധിക ‘ഇല്ല’ എന്ന് മറുപടിയും നല്‍കി. എങ്കില്‍ നാളെ കാണാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കാറിലേക്ക് കയറിയത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മോഹന്‍ലാല്‍ – ശോഭന ചിത്രമായ തേന്മാവിന്‍ കൊമ്പത്തിലെ ‘പോരുന്നോ എന്റെ കൂടെ’ എന്ന ഡയലോഗിനോട് ചേര്‍ത്താണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.


തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍360 എന്ന ചിത്രത്തിന്റെ പൂജാ ദിനമായിരുന്നു ഇന്ന്. തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഈ സിനിമക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുണ്‍ പുറത്തുവിട്ടിരുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ശോഭനയാണ്. ശോഭന കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. നാടോടിക്കാറ്റ്, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങി എന്നും ജനപ്രിയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരജോഡികളാണ് മോഹന്‍ലാല്‍ – ശോഭന.

Content Highlight: Mohanlal And His Fan Interaction Video Goes Viral

We use cookies to give you the best possible experience. Learn more