കൊച്ചി: സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആറാട്ട് സിനിമയിലെ ഒരു രംഗമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്,’ മോഹന്‍ലാല്‍ പറയുന്നു.
കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിസ്മയയ്ക്ക് പിന്നാലെ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിരവധി പെണ്‍കുട്ടികളുടെ കേസുകള്‍ കഴിഞ്ഞ കുറച്ചുദിവസമായി കേരളത്തില്‍ ചര്‍ച്ചയായിരുന്നു.
തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.