47 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
കരിയറില്‍ ആദ്യമായി സംവിധായക കുപ്പായമണിയുകയാണ് മോഹന്‍ലാല്‍. പൂര്‍ണമായും ത്രീ.ഡിയിലൊരുങ്ങുന്ന ബാറോസില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെ. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം ഒടുവില്‍ തിയേറ്ററുകളിലെത്തുമാണ് പ്രതീക്ഷിക്കുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും കൂടുതലും വിദേശതാരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സന്തോഷ് ശിവനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരില്‍ ഒരാളാണ് സന്തോഷ് ശിവനെന്നും ക്യാമറാക്കണ്ണിലൂടെ പലപ്പോഴും അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇരുവര്‍, യോദ്ധാ, അഹം, കാലാപാനി തുടങ്ങിയ സിനിമകളില്‍ അദ്ദേഹവുമായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും പല സിനിമകള്‍ക്കും സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യന്‍ സിനിമ എന്നതിനെക്കാള്‍ ഒരു വേള്‍ഡ് സിനിമ എന്ന രീതിയിലാണ് ബാറോസ് ഒരുങ്ങുന്നത്. കാരണം, ഇതിന്റെ മുന്നണിയിലും പിന്നണിയിലും വിദേശത്ത് നിന്നുള്ളവരാണ് കൂടുതലും. ഞാനും സന്തോഷ് ശിവനും പിന്നെ നാലഞ്ച് പേരും മാത്രമേ മലയാളികളായിട്ടുള്ളൂ. സന്തോഷിനൊപ്പം കുറേക്കാലത്തിന് ശേഷമാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. അയാള്‍ ആദ്യമായാണ് ഒരു ത്രീ.ഡി സിനിമ ചെയ്യുന്നത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരിലൊരാളാണ് അദ്ദേഹം. പല ഫ്രെയിമുകളിലൂടെയും സന്തോഷ് നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിനെക്കാള്‍ പ്രധാനം പുള്ളി എന്നോടൊപ്പം ഒന്നിച്ച മിക്ക സിനിമകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അഹം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം ഇതിലൊക്കെ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയിലും അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about working with Santhosh Sivan