അതെങ്ങനെയാണ് സംഭവിച്ചതെന്നറിയില്ല; പിന്നെ നോക്കിയപ്പോഴാണത് കണ്ടത്: മോഹൻലാൽ
Film News
അതെങ്ങനെയാണ് സംഭവിച്ചതെന്നറിയില്ല; പിന്നെ നോക്കിയപ്പോഴാണത് കണ്ടത്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th January 2024, 4:36 pm

അഭിനയ മികവിലൂടെ മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. കഥാപാത്രമായി ജീവിക്കുന്ന ചിത്രങ്ങളാണ് മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതിൽ ഏറെ പ്രശംസ കിട്ടിയ ചിത്രമാണ് വാനപ്രസ്ഥം. ചിത്രത്തിലെ കഥകളി നടനായ കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. താരത്തിന്റെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് വരെ നേടി കൊടുത്തിട്ടുണ്ട്. ചിത്രത്തിലെ കഥകളി രംഗത്തെ അഭിനയത്തെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

വാനപ്രസ്ഥത്തിലെ പൂതന മരിക്കുന്ന സമയത്ത് മൂക്കുത്തിയാടുന്ന സംഭവം എങ്ങനെയാണ് ചെയ്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. താൻ അത് ശ്രദ്ധിച്ചിരുന്നില്ലെന്നും പിന്നെ നോക്കിയപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടതെന്നും മോഹൻലാൽ പറഞ്ഞു. താൻ ആ സമയം ശ്വാസം പിടിച്ചിട്ടുണ്ടാവുകയോ മരണം അനുഭവിക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് മോഹൻലാൽ പറയുന്നുണ്ട്. അത് എങ്ങനെയാണ് ചെയ്തതെന്ന് പറയാൻ കഴിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘പിന്നെ നോക്കിയപ്പോഴാണ് അത് കണ്ടത്. നമ്മൾ അറിയാതെ ഡെപ്ത് എന്നുള്ളതിന്റെ ആ ബ്രീതിങ്ങിൽ ബ്രെത് പിടിച്ചെന്നിരിക്കാം. അതിലൂടെയാണ് ആ മരണം കാണിക്കുന്നത്. അതങ്ങനെ ആ മൂക്കുത്തി ഇങ്ങനെ ആടിയാടി നിൽക്കും, പിന്നീട് ബാക്കിലേക്ക് വീഴും.

അത് മനപ്പൂർവം ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരുപക്ഷേ ഞാൻ ബ്രെത്ത് പിടിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ഡെത്ത് അനുഭവിച്ചിട്ടുണ്ടാകും. ആ ഒരു മൊമെന്റില്‍ അങ്ങനെ ചെയ്തിരുന്നു എന്നൊക്കെ അത് പിന്നെയാണ് നമ്മൾ മനസ്സിലാക്കുന്നത്. അതെങ്ങനെയാണെന്ന് പറയാൻ പറ്റില്ല, അത് സംഭവിച്ചു,’ മോഹൻലാൽ പറഞ്ഞു.

അതേസമയം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് വ്യഴാഴ്ച റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Mohanlal about vanapratham movie’s character