നാലരപ്പതിറ്റാണ്ടായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആറ് സംസ്ഥാന അവാര്‍ഡും മൂന്ന് ദേശീയ അവാര്‍ഡും മോഹന്‍ലാല്‍ സ്വന്തമാക്കി. ഇന്നും മലയാളികളുടെ വികാരമായി നില്‍ക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് സാധിക്കുന്നുണ്ട്.
കരിയറില്‍ ആദ്യമായി സംവിധായകകുപ്പായണിയുന്ന ബാറോസിന്റെ പണിപ്പുരയിലാണ് മോഹന്‍ലാല്‍. പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിക്കുന്ന ബാറോസില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍, പടയോട്ടം തുടങ്ങി മലയാളസിനിമയിലെ നാഴികക്കല്ലായ ചിത്രങ്ങളൊരുക്കിയ ജിജോ പുന്നൂസാണ് ബാറോസിന്റെ രചന നിര്‍വഹിക്കുന്നത്. സംവിധാനം എന്നത് തന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നുവന്നതാണെന്ന് പറയുകയാണ് മോഹന്‍ലാല്‍.
23 വര്‍ഷം മുമ്പ് കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തില്‍ ചെയ്ത കര്‍ണഭാരം എന്ന നാടകവും ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന സിനിമയുമെല്ലാം തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അത്തരത്തിലാണ് സംവിധാനം എന്ന ചിന്ത തന്നില്‍ വന്നതെന്നും ബാറോസ് എന്ന കഥ അതിന് തെരഞ്ഞെടുത്തതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹമൊന്നും എനിക്ക് പണ്ട് ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ചില കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കാറുണ്ട്. 23 വര്‍ഷം മുമ്പ് കാവാലം സാറിന്റെ ശിക്ഷണത്തില്‍ ചെയ്ത കര്‍ണഭാരം എന്ന നാടകം അതിന് ഉദാഹരണമാണ്. സംസ്‌കൃതം മര്യാദക്ക് സംസാരിക്കാനാറിയാത്ത ഞാന്‍ ഒരു സംസ്‌കൃത നാടകം ചെയ്യുക എന്നത് സ്വപ്‌നം കാണാത്ത കാര്യമായിരുന്നു. അത് എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞാന്‍ ചെയ്തുവെച്ചു.
അതുപോലെ വാനപ്രസ്ഥം എന്ന സിനിമയും, ഒരു കഥകളി കലാകാരന്റെ കഥ പറഞ്ഞ സിനിമയുടെ ഭാഗമാകാനും എനിക്ക് സാധിച്ചു. ഇതെല്ലാം ആ ഒരു ഫ്‌ളോയില്‍ സംഭവിക്കുന്നതാണ്. ഇത്ര കാലം സിനിമയില്‍ നിന്ന ശേഷം ഒരു ത്രീ.ഡി ചിത്രം ഒരുക്കണമെന്ന ചിന്ത വന്നു, പിന്നീട് അത് സംവിധായകന്‍ ടി.കെ. രാജീവ് കുമാറുമായി സംസാരിച്ചു. അതിന് ശേഷം ജിജോ പുന്നൂസ് സാര്‍ എന്നോട് ഇതിന്റെ കഥ പറഞ്ഞു. അങ്ങനെയാണ് ഈ പ്രൊജക്ട് സാധ്യമായത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Vanaprastham movie and Karnabharam drama