| Friday, 27th December 2024, 5:44 pm

വീണ്ടും ചെയ്യണമെന്ന് ആഗ്രഹിച്ചാലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണവ: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയ്ക്ക് ശേഷം ത്രീ.ഡി ക്യാമറയിൽ ഷൂട്ട് ചെയ്ത സിനിമയാണ് ബറോസ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചർച്ചകളിൽനിന്നാണ് ബറോസ് സിനിമയായി രൂപപ്പെട്ടതെന്ന് മോഹൻലാൽ പറയുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനംചെയ്ത ജിജോ തന്നെ ബറോസും സംവിധാനം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം തയ്യാറാവാതെ വന്നപ്പോൾ സിനിമ താൻ ഏറ്റെടുത്തെന്നും മോഹൻലാൽ പറയുന്നു.

ചില കാര്യങ്ങൾ നമ്മളിലേക്ക് വന്നുചേരുമ്പോൾ അത് വേണ്ടെന്നുവയ്ക്കുന്നത് നല്ലതല്ലെന്നും വാനപ്രസ്ഥവും കഥയാട്ടവും കർണഭാരവുമെല്ലാം അങ്ങനെ ചെയ്തതാണെന്നും മോഹൻലാൽ പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിന്നു അദ്ദേഹം.

‘ബറോസ് യഥാർഥത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്ത‌ ഒരു സിനിമയല്ല. ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചർച്ചകളിൽനിന്നാണ് ബറോസ് സിനിമയായി രൂപപ്പെട്ടത്. ഇന്ത്യയിലെ ആദ്യ ത്രീഡിയായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനംചെയ്ത ജിജോ തന്നെ ബറോസും സംവിധാനം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന് താത്പര്യമില്ലെന്നു പറഞ്ഞപ്പോൾ, വേറെ ആരെക്കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി ഞാൻ മാറുകയായിരുന്നു.

ലൈഫ് ടൈമിൽ നമ്മൾക്ക് കിട്ടുന്ന ഒരവസരം മാത്രമല്ല ഇത്. അനുഗ്രഹം കൂടിയാണിത്. ചില കാര്യങ്ങൾ നമ്മളിലേക്ക് വന്നുചേരുമ്പോൾ അത് വേണ്ടെന്നുവയ്ക്കുന്നത് നല്ലതല്ല എന്നാണ് എന്റെ അനുഭവം. വാനപ്രസ്ഥവും കഥയാട്ടവും കർണഭാരവുമെല്ലാം അങ്ങനെയാണ്. നമ്മൾ വീണ്ടും ചെയ്യണമെന്ന് ആഗ്രഹിച്ചാലും ഇനിയൊരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ.

ഒരു പക്ഷേ, ബറോസും അങ്ങനെയാണ്. ഒരു കലാകാരനെന്നനിലയിൽ മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യം നമ്മളിലുണ്ടാവും. എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട് അത്തരം സാഹചര്യങ്ങൾ. അത്യപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് അതെല്ലാം,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Vanaprastham And Karnabharam , Barozz

We use cookies to give you the best possible experience. Learn more