Advertisement
Malayalam Cinema
ആ സിനിമകളൊക്കെ റീ റിലീസ് ചെയ്യണമെന്ന് ഞാന്‍ മാത്രം ആഗ്രഹിച്ചാല്‍ പോരല്ലോ: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 10, 07:22 am
Wednesday, 10th July 2024, 12:52 pm

കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമെന്ന് പലരും അഭിപ്രായപ്പെടുന്ന സിനിമയാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്.

പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ സ്ഫടികവും കഴിഞ്ഞ വര്‍ഷം റീ റിലീസ് ചെയ്തിരുന്നു.

മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴും റീ റിലീസിന് തയാറെടുക്കുകയാണ്. ഇനിയും ഏതെങ്കിലും പഴയ സിനിമ റീ റിലീസി ചെയ്യണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. ഏത് സിനിമ കാണണമെന്ന് ആഗ്രഹിച്ചാലും അതെല്ലാം വിരല്‍ത്തുമ്പില്‍ കിട്ടുന്ന കാലമാണല്ലോ എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

ഇനി അഥവാ ഏതെങ്കിലും സിനിമ വീണ്ടും പ്രേക്ഷകര്‍ കാണണമെന്ന് തനിക്ക് ആഗ്രഹമുണ്ടായാല്‍ അത് തന്നെക്കൊണ്ട് മാത്രം നടക്കുന്ന കാര്യമല്ലെന്നും അതാത് സിനിമകളുടെ നിര്‍മാതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ദേവദൂതന്റെ റീ റിലീസുമായി നടത്തിയ പ്രസ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഏത് സിനിമ കാണണമെന്ന് വിചാരിച്ചാലും അതെല്ലാം വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഒരു കാലമാണല്ലോ ഇത്. അങ്ങനെയുള്ളപ്പോള്‍ റീ റിലീസുകളെപ്പറ്റി വെറുതെ ആലോചിച്ച് തല പുണ്ണാക്കേണ്ട ആവശ്യമില്ലല്ലോ. പിന്നെ എന്റെ ഏതെങ്കിലും സിനിമ ഒന്നുകൂടി തിയേറ്ററിലെത്തണമെന്ന് ആഗ്രഹമുണ്ടായാല്‍ അതിനപ്പറ്റി തീരുമാനമെടുക്കേണ്ടത് അതാത് സിനിമകളുടെ പ്രൊഡ്യൂസര്‍മാരല്ലേ, അതിലെനിക്കെന്താ റോള്‍?,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about the re release of his movies