|

വേറൊരാള്‍ക്ക് എന്റെ സ്ഥാനത്തേക്ക് വരാന്‍ കഴിയുമെന്ന് ഞാന്‍ എന്തിന് ചിന്തിക്കണം, കഴിവുള്ളവര്‍ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കട്ടെ: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമിഴിലും തെലുങ്കിലും വലിയ താരങ്ങളുള്ളതുപോലെ മലയാളത്തിലും വലിയ താരങ്ങളാണുള്ളത്. തന്റെ സ്ഥാനത്തേക്ക് പുതിയ നടന്മാര്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ ഒരു ഇന്‍ഡിവിജ്വലാണെന്നും തനിക്ക് തന്റേതായ കഥയും ആക്ടിങ് സ്‌റ്റൈലുമൊക്കെയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അത്തരമൊരു അവസ്ഥയില്‍ മറ്റൊരാള്‍ തന്റെ സ്ഥാനത്തേക്ക് വരുന്നതിനെപ്പറ്റി താന്‍ ചിന്തിക്കാറില്ലെന്നും അതിന്റെ ആവശ്യമില്ലായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കഴിവുള്ള ഒരുപാട് നടന്മാര്‍ ഇപ്പോള്‍ വരുന്നുണ്ടെന്നും അവര്‍ അവരുടേതായ സ്ഥാനം നേടുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ സിനിമയിലേക്കെത്തിയപ്പോള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇന്ന് അങ്ങനെയല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കഴിവുള്ളവര്‍ക്ക് അത് പ്രദര്‍ശിപ്പിക്കാന്‍ ഒരുപാട് വഴികളുണ്ടെന്നും അതിലൂടെ ഒരുപാട് ആളുകള്‍ സിനിമയിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘എന്റെ സ്ഥാനത്തേക്ക് മറ്റൊരു നടന്‍ വരുന്നതിനെപ്പറ്റി ഞാന്‍ എന്തിനാണ് ചിന്തിക്കേണ്ടത്. കാരണം, ഞാന്‍ എന്നു പറയുന്നത് ഒരു ഇന്‍ഡിവിജ്വലാണ്. എന്റേതായിട്ടുള്ള രീതികളും കഥയും ആക്ടിങ് സ്റ്റൈലുമുള്ളയാളാണ് ഞാന്‍. എന്നെപ്പോലെ ഒരാള്‍ എന്തിന് വരണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കഴിവുള്ളവര്‍ അവരുടേതായ സ്ഥാനം ഉണ്ടാക്കിയെടുക്കുന്നതല്ലേ നല്ലത്.

ഞാനൊക്കെ അഭിനയത്തിലേക്ക് വന്ന സമയത്ത് ആകെ ഒരൊറ്റ പ്ലാറ്റ്‌ഫോം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. കഴിവുള്ളവര്‍ക്ക് അത് പ്രദര്‍ശിപ്പിക്കാനും അതിലൂടെ സിനിമയിലേക്ക് വരാനും ഒരുപാട് അവസരങ്ങളുണ്ട്. അതിലൂടെ അവര്‍ക്ക് ശ്രദ്ധേയരാകാന്‍ സാധിക്കുന്നുണ്ട്. അതൊക്കെ നല്ല കാര്യമായാണ് കാണുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about the new talents in cinema

Latest Stories