മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. താരത്തിന്റെ ഒരുപാട് കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തനിക്ക് പണ്ട് ലഭിച്ച കത്തുകൾ തന്റെ അമ്മയാണ് വായിച്ചിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ അത് വായിച്ചിട്ട് ചിലതിന് മറുപടി അയക്കുമായിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
താൻ യാത്രയിൽ ആയതുകൊണ്ട് തന്റെ അഡ്രെസ്സിലേക്ക് വരുന്ന കത്തൊന്നും തന്റെ കയ്യിൽ കിട്ടിയിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. താൻ അത് വായിച്ചിട്ട് എഴുതാനൊന്നും നിന്നിട്ടില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്. തന്റെ പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങൾ ടിനു പാപ്പച്ചനുമൊത്ത് ക്ലബ്ബ് എഫ്.എമ്മുമായി പങ്കുവെക്കുകയായിരുന്നു മോഹൻലാൽ.
‘പണ്ട് കത്തുകൾ ആണല്ലോ കാര്യങ്ങൾ പറയാൻ വേണ്ടിയിട്ട് ഉണ്ടാവുക. ഫോണോ കാര്യങ്ങളോ ഒന്നുമില്ല. ഒരുപാട് പേർ കത്തുകൾ എഴുതുമായിരുന്നു. കൂടുതലും എന്റെ അമ്മക്ക് ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്. അമ്മ അതൊക്കെ വായിക്കുകയും ചിലതിന് മറുപടി അയക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കാര്യം ഞാൻ കൂടുതലും യാത്ര ചെയ്യുകയായിരിക്കും. എന്റെ അഡ്രെസ്സിലേക്ക് വരുന്നതൊന്നും എന്റെ കയ്യിൽ കിട്ടില്ല. നമ്മൾ അത് വായിച്ചിട്ട് തിരിച്ച് എഴുതാനൊന്നും നിന്നിട്ടില്ല,’ മോഹൻലാൽ പറഞ്ഞു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തി ലിജോ ജോസ് സംവിധാനം ചെയ്ത ‘നന്പകൾ നേരത്ത് മയക്കം’ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlight: Mohanlal about the letters he got from fans