| Thursday, 18th January 2024, 5:27 pm

ലിജോയുടെ മുന്‍ ചിത്രങ്ങളിലെപ്പോലെ ഇതിലും വ്യത്യസ്തതയുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ ആദ്യമായി ലിജോയോടൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാലിബന്‍. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഒരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ കഥയെക്കുറിച്ചോ ഴോണറിനെക്കുറിച്ചോ ഒരു വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വാലിബന്‍ എന്ന സിനിമ ചെയ്യണം എന്ന് തോന്നിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ലോകത്ത് എല്ലായിടത്തും വന്ന കഥയാണ് ഈ സിനിമയില്‍. എല്ലാ തരത്തിലുമുള്ള ഇമോഷനുകളും ഇതിലുണ്ട്. മലൈക്കോട്ടൈ വാലിബന്‍ എന്ന പേര് കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ആലോചിക്കാം. അദ്ദേഹം ഒരു യോദ്ധാവാണെന്നോ അങ്ങനെ എന്ത് വേണമെങ്കിലും. എല്ലാവിധ ഇമോഷന്‍സുകളുമുള്ള സിനിമയാണിത്.

അതിനെ എങ്ങനെ പ്രെസന്റ് ചെയ്തിരിക്കുന്നു എന്നതിലാണ് അതിന്റെ സര്‍പ്രൈസ്. ലിജോയുടെ എല്ലാ സിനിമകളിലും അതിന്റെ ക്ലൈമാക്‌സ് എന്ന് പറയുന്നത് നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെയാകില്ല. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ ഒരു കാര്യം വരുമ്പോളാണല്ലോ അതില്‍ ഒരു ഡിഫറന്‍സ് ഉണ്ടാവുന്നത്. ഈ ചിത്രത്തിലും അതുപോലെ ഒരു ഡിഫറന്‍സ് ഉണ്ടാവാം ഉണ്ടാവാതിരിക്കാം. അത് ഇപ്പോള്‍ ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അതിനെപ്പറ്റി ഇപ്പോള്‍ പറയാനാകില്ല കാരണം എല്ലാം ഞങ്ങള്‍ പറഞ്ഞ ശേഷം അയ്യോ ഇതായിരുന്നോ ആ രഹസ്യം എന്ന് നിങ്ങള്‍ പറയാന്‍ പാടില്ല. നിങ്ങളും അത് എക്‌സ്പീരിയന്‍സ് ചെയ്യണം. കാരണം ഞാന്‍ കാണുന്ന പോലെയാകില്ലല്ലോ നിങ്ങള്‍ സിനിമ കാണുന്നത്’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെക്കൂടാതെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. പി.എസ്. റഫീഖാണ് തിരക്കഥ. നായകന്‍, ആമേന്‍, എന്നീ സിനിമകള്‍ക്ക് ശേഷം ലിജോയും റഫീഖും ഒന്നിക്കുന്ന സിനിമ കൂടിയാണ് വാലിബന്‍. ജയ്സാല്‍മീര്‍, പൊഖ്റാന്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 25ന് വാലിബന്‍ തിയേറ്ററുകളിലെത്തും

Content Highlight: Mohanlal about the different element in Malaikkottai Vaaliban

We use cookies to give you the best possible experience. Learn more