നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
പ്രിയദര്‍ശനെ സിനിമയിലേക്ക് കൊണ്ടുവന്നത് താനാണെന്ന് പറയുകയാണ് മോഹന്‍ലാല്‍. പണ്ടുകാലത്ത് തിരക്കഥ ആദ്യമേ എഴുതി ഷൂട്ട് ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ലെന്നും കഥ മാത്രമായിരുന്നു ആ സമയത്ത് ആദ്യം തയാറാക്കുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഥകള്‍ എഴുതുന്നതില്‍ പ്രിയദര്‍ശന്റെ കഴിവ് കണ്ട് താന്‍ അയാളെ നവോദയ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയെന്നും അങ്ങനെയാണ് അയാള്‍ സിനിമയിലേക്കെത്തിയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ആരുടെയും അസിസ്റ്റന്റായി നിന്ന പരിചയം ഇല്ലാതെയാണ് പ്രിയദര്‍ശന്‍ സംവിധായകനായതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു ദിവസം സെറ്റില്‍ നിന്ന് പ്രിയദര്‍ശനെ കണ്ട് ഫാസില്‍ അസിസ്റ്റന്റുമാരില്‍ ഒരാളാണെന്ന് ക്ലാപ്പ്‌ബോര്‍ഡ് കൊടുത്തെന്നും അങ്ങനെയാണ് സിനിമയിലേക്ക് പ്രിയദര്‍ശന്‍ സിനിമയുമായി കൂടുതല്‍ അടുത്തതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയില്‍ താനായിരുന്നു നായകനെന്നും ഇനി രണ്ട് സിനിമ കൂടി ചെയ്താല്‍ അത് പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നൂറാമത്തെ സിനിമയിലും താനായിരിക്കും നായകനെന്നും ലോകത്ത് മറ്റൊരു നടനും അത്തരമൊരു ഭാഗ്യം കിട്ടിയിട്ടില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗാലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘പ്രിയദര്‍ശനും ഞാനും പണ്ടുമുതലേ സുഹൃത്തുക്കളാണ്. അയാളെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ഞാനായിരുന്നു. പ്രിയന്‍ ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ സംവിധായകനായ ആളാണ്. നവോദയ സ്റ്റുഡിയോയിലേക്ക് ഞാനാണ് പ്രിയനെ കൊണ്ടുപോയത്. അന്ന് ആദ്യമേ സ്‌ക്രിപ്റ്റ് എഴുതിയിട്ട് ഷൂട്ട് ചെയ്യുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. കഥ മാത്രം ആദ്യമേ എഴുതും. ബാക്കി അതിനനുസരിച്ച് ഷൂട്ട് ചെയ്യും. അങ്ങനെ ഒരു സ്റ്റോറി റൈറ്ററായാണ് പ്രിയന്‍ തുടങ്ങിയത്. ഷൂട്ട് കാണാന്‍ വേണ്ടി ഒരുദിവസം അയാള്‍ സെറ്റിലെത്തി.
ഫാസില്‍ സാറായിരുന്നു ആ സിനിമയുടെ ഡയറക്ടര്‍. പ്രിയനെ കണ്ടിട്ട് ഏതോ അസിസ്റ്റന്റാണെന്ന് കരുതി ഫാസില്‍ സാര്‍ ക്ലാപ്‌ബോര്‍ഡ് അയാളുടെ കൈയില്‍ കൊടുത്തു. അങ്ങനയാണ് പ്രിയന്റെ സിനിമാജീവിതം തുടങ്ങിയത്. പിന്നീട് പ്രിയന്‍ ആദ്യസിനിമ സംവിധാനം ചെയ്തു. അതാണ് പൂച്ചക്കൊരു മൂക്കുത്തി. ഇനി രണ്ട് സിനിമ കൂടി ചെയ്താല്‍ അത് പ്രിയന്റെ നൂറാമത്തെ സിനിമയാകും. അതിലും ഞാനാണ് നായകന്‍. ലോകത്ത് മറ്റൊരു നടനും ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാകാന്‍ സാധ്യതയില്ല,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal about the debut of Priyadarshan in cinema