കമൽ ഹാസൻ വാഗ്ദാനം ചെയ്ത ആ സമ്മാനം ഇന്നുവരെ തന്നിട്ടില്ല, കാണുമ്പോഴെല്ലാം എന്നോട് ക്ഷമ ചോദിക്കും: മോഹൻലാൽ
Entertainment
കമൽ ഹാസൻ വാഗ്ദാനം ചെയ്ത ആ സമ്മാനം ഇന്നുവരെ തന്നിട്ടില്ല, കാണുമ്പോഴെല്ലാം എന്നോട് ക്ഷമ ചോദിക്കും: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th December 2024, 5:50 pm

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍  ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പല ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസനെ കുറിച്ച് സംസാരിക്കുകയാണ്.

മലയാളത്തിൽ വലിയ വിജയമായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ തമിഴ് വേർഷനിൽ നായകനായത് കമൽ ഹാസനായിരുന്നു. കമൽ ഹാസനൊപ്പം ഉന്നൈ പോൽ ഒരുവനിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മോഹൻലാൽ.

ഉന്നൈ പോൽ ഒരുവനിലേക്ക് കമൽ ഹാസൻ തന്നെ വിളിച്ചത് വലിയ കാര്യമാണെന്നും സിനിമയുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു. അന്ന് കമൽ ഹാസൻ തനിക്കൊരു വാച്ച് സമ്മാനമായി ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ ഇതുവരെ അത് കിട്ടിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

‘കമൽ ഹാസനുമൊത്ത് അഭിനയിച്ച ഏക സിനിമയാണ് ഉന്നൈ പോൽ ഒരുവൻ. ഒറ്റ സീനിൽ മാത്രമൊതുങ്ങിയ കോമ്പിനേഷൻ. സിനിമ മുഴുവൻ ഞങ്ങളുടെ ഫോൺ സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഒടുവിൽ, രണ്ടുദിക്കിലേക്ക് നടന്നുപോകുമ്പോൾ മാത്രം ഞങ്ങളുടെ കഥാപാത്രങ്ങൾ കണ്ടുമുട്ടുന്നു.

പരസ്‌പരം അറിയുമായിരുന്നിട്ടും ഒന്നും മിണ്ടാതെ നടന്നുപോകുന്നു. ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ധർക്കൊപ്പവും ഇന്ത്യയിലെ മികച്ച നടന്മാർക്കും സംവിധായകർക്കുമൊപ്പവും പ്രവർത്തിച്ചിട്ടുള്ള കമൽ ഹാസൻ ‘ഉന്നൈ പോൽ ഒരുവനി’ൽ ഒപ്പമഭിനയിക്കാൻ എന്നെ വിളിച്ചത് വലിയൊരു കാര്യമായാണ് ഞാൻ കണ്ടത്. അതിന്റെ ഡബ്ബിങ് പോലുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുമ്പോഴെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു.

കൂടെ അഭിനയിക്കുന്നവർ പെർഫെക്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. കോസ്റ്റ്യൂമായാലും മേക്കപ്പായാലും ലിപ് മൂവ്മെന്റായാലും ഫ്രെയിം ടു ഫ്രെയിം അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടാകും. ഉന്നൈ പോൽ ഒരുവനിൽ അഭിനയിക്കുന്ന കാലത്ത് കമൽ ഹാസൻ എനിക്കൊരു സമ്മാനം വാഗ്ദാനം ചെയ്‌തു, ഒരു റഷ്യൻ വാച്ച്. പക്ഷേ, ഇന്നുവരെ അതെനിക്കു തന്നില്ല.

കാണുമ്പോഴെല്ലാം പറയും, സോറി ലാൽ. അടുത്ത തവണ തീർച്ചയായും.. അങ്ങനെ എത്രയോ നാൾ കടന്നുപോയി. പിന്നീട് ഞാൻ തമാശയ്ക്കായി അദ്ദേഹത്തോടു ചോദിക്കും, സാർ…നമ്മുടെ വാച്ച്? നിഷ്‌ക്കളങ്കമായ ചിരിയോടെ അപ്പോൾ അദ്ദേഹം പറയും, അടുത്ത തവണ…,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Relation With Kamal Hassan