മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ സിനിമ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്. ഈ വർഷവും മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്.
ഏതെങ്കിലും സിനിമയിൽ മറ്റൊരു നടൻ ചെയ്ത കഥാപാത്രം തനിക്ക് കിട്ടിയാൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. അതൊരിക്കലും തനിക്ക് പറ്റില്ലെന്നും ചില റോളിലേക്ക് തന്നെ കിട്ടിയാൽ നന്നാക്കാമായിരുന്നുവെന്ന് സംവിധായകർ പറയുന്നത് കേട്ടിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.
കിട്ടുന്ന സിനിമകൾ നന്നായി ചെയ്യുകയെന്നതാണ് തന്റെ കമ്മിറ്റ്മെന്റ് എന്നും എന്നാൽ ചില സിനിമകൾ എന്തിന് മോഹൻലാൽ ചെയ്തുവെന്ന് കേൾക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രസം എന്ന സിനിമയെ കുറിച്ചും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘ഒരിക്കലും എനിക്ക് പറ്റില്ല, ഒരു മികച്ച സിനിമ കണ്ട് അതെനിക്ക് ചെയ്യാമായിരുന്നു എന്നു വിചാരിക്കുക, പറ്റാത്ത കാര്യമാണ്. ആ റോളിൽ മോഹൻലാലിനെ കിട്ടിയിരുന്നെങ്കിൽ എൻ്റെ സിനിമ രക്ഷപ്പെട്ടേനേയെന്ന് ചില സംവിധായകർ പറഞ്ഞിട്ടുണ്ട്. എന്നിട്ടെന്തായിരുന്നു അവർ എന്നെ വിളിക്കാതിരുന്നത്? അയാൾക്ക് അന്നാ സിനിമ നടക്കാൻ മറ്റൊരാളെ കൊണ്ട് ചെയ്യിച്ചേ പറ്റുമായിരിക്കുള്ളൂ. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടാവുമല്ലോ?
ഹോളിവുഡിൽ ഉണ്ടാക്കിയ ‘ഗാന്ധി’ എന്ന സിനിമ കണ്ടിട്ട് എനിക്ക് ഗാന്ധിയായി അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ട് കാര്യമില്ല. നമുക്ക് കിട്ടുന്ന റോളുകൾ ഭംഗിയായി ചെയ്യുക. അതാണ് എന്റെ കമ്മിറ്റ്മെന്റ്. ചില സിനിമകൾ കണ്ടിട്ട് എന്തിനാണ് മോഹൻലാൽ ആ സിനിമ ചെയ്യാൻ പേയത് എന്ന് ആളുകൾ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
അപ്പോൾ, ‘അതായത് ഞാനന്ന്…’ എന്നൊക്കെ പറഞ്ഞ് വിശദീകരിക്കാനാവില്ല. രസം എന്ന സിനിമ. ആര് കണ്ടിട്ടുണ്ട് അത്? നിങ്ങൾക്ക് ചോദിക്കാം. എന്തിനാണ് അത് ചെയ്യാൻ പോയതെന്ന്. അതിന് വിശദീകരണമില്ല. സൗഹൃദം, കമ്മിറ്റ്മെന്റ് അങ്ങനെ ഒരുപാട് കാര്യങ്ങൾ അതിനു പിന്നിലുണ്ടാവും. അത് നല്ല സിനിമയാവുമെന്ന് അന്ന് പ്രതീക്ഷിച്ചു. അങ്ങനെയായില്ല. എല്ലാ സിനിമകളും പ്രേക്ഷകർ കണ്ടോളണമെന്ന് നമുക്ക് പറയാനാവില്ലല്ലോ,’മോഹൻലാൽ
രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമയായിരുന്നു രസം. ഇന്ദ്രജിത്ത്. നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ മോഹൻലാൽ എന്ന നടനായി തന്നെയാണ് മോഹൻലാൽ അഭിനയിച്ചത്. നെടുമുടി വേണു തിരക്കഥ നിർവഹിച്ച ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
Content Highlight: Mohanlal About Rasam Movie