നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
പല ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുള്ള അദ്ദേഹം തമിഴിൽ രജിനിയോടൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ്. കഴിഞ്ഞ വർഷം ഇറങ്ങി വലിയ വിജയമായി മാറിയ ജയിലർ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചിരുന്നു.
തമ്മിൽ കാണുമ്പോൾ അദ്ദേഹം സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ലെന്നും സിനിമയ്ക്ക് പുറത്ത് ഗ്ലാമർ പരിവേഷങ്ങൾ ഉപേക്ഷിക്കാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് രജിനികാന്തെന്നും മോഹൻലാൽ പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘തമ്മിൽ കാണുമ്പോഴൊന്നും സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ല. കുടുംബകാര്യങ്ങളെയും സൗഹൃദങ്ങളെയും കുറിച്ചാണ് അദ്ദേഹം ഏറെയും സംസാരിക്കാറുള്ളത്.
സിനിമയ്ക്ക് പുറത്ത് ഗ്ലാമറിന്റെ പരിവേഷങ്ങൾ ഒരു താരത്തിന് ഉപേക്ഷിക്കാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച നടനാണ് അദ്ദേഹം. അഭ്രപാളിയിൽ രജിനികാന്തിൻ്റെ നായകൻമാർ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുമ്പോൾ വെള്ളിവെളിച്ചത്തിന് പുറത്ത് ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം ജനങ്ങൾക്കിടയിൽ സഞ്ചരിച്ചു. ശിവാജിറാവു ഗേക്ക്‌വാദ് എന്ന മനുഷ്യനിൽനിന്നും രജിനികാന്ത് എന്ന താരരാജാവിലേക്കുള്ള ദൂരത്തിനിടയിലും നഷ്ടമാകാത്ത സാധാരണത്വം.
എന്റെ പല സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. എന്നോട് മാത്രമല്ല, മറ്റ് പലരോടും ആ സിനിമകളെ കുറിച്ച് വലിയ മതിപ്പോടെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴും( ചന്ദ്രമുഖി ) തേന്മാവിൻ കൊമ്പത്തും (മുത്തു ) തമിഴിലേക്ക് മൊഴി മാറ്റിയപ്പോൾ എന്റെ റോൾ ചെയ്തത് അദ്ദേഹമായിരുന്നു,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Rajinikanth’s Personality