Advertisement
ലോകത്ത് ഇനി അത് സംഭവിക്കുമോയെന്ന് അറിയില്ല, ആ സിനിമ എനിക്ക് ചെയ്യണം: മോഹൻലാൽ
Entertainment
ലോകത്ത് ഇനി അത് സംഭവിക്കുമോയെന്ന് അറിയില്ല, ആ സിനിമ എനിക്ക് ചെയ്യണം: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 10:36 am
Sunday, 26th January 2025, 4:06 pm

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ.

ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രിയദർശന്റെ നൂറാമത്തെ സിനിമയിലും തന്നോട് അഭിനയിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് മോഹൻലാൽ. ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയിലും നൂറാമത്തെ സിനിമയിലും ഒരാൾ തന്നെ നായകനാവുന്നത് ലോകത്ത് മലയാളത്തിൽ മാത്രമേ നടക്കുകയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. ഇത് വളരെ അപൂർവമായി നടക്കുന്ന കാര്യമാണെന്നും കൗമുദി മൂവീസിനോട് മോഹൻലാൽ പറഞ്ഞു.

‘പ്രിയദർശൻ എന്നിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരനോട്ടത്തിൽ വന്നു, അതിന് ശേഷം നവോദയലേക്ക് ഞാനാണ് കൊണ്ടുപോകുന്നത്. പിന്നീട് അത് വലിയൊരു കൂട്ടുകെട്ടായി മാറി. ആദ്യത്തെ സിനിമ പൂച്ചക്ക് ഒരു മൂക്കുത്തിയാണ്. പ്രിയൻ ഒരു മൂന്ന് സിനിമ കൂടി ചെയ്താൽ നൂറ് സിനിമയാവും. നൂറാമത്തെ സിനിമയിൽ എന്നോട് അഭിനയിക്കാൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ വളരെ അപൂർവമായിട്ടുള്ള കാര്യമാണ്. ലോകത്ത് ഇനി അത് സംഭവിക്കുമോയെന്ന് അറിയില്ല. നൂറ് സിനിമകൾ ചെയ്യുക എന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്.

ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിൽ അഭിനയിക്കുകയെന്നത് ഒരുപക്ഷെ മലയാള സിനിമയിൽ മാത്രമേ സംഭവിക്കുകയുള്ളൂ. കാരണം മലയാളത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ രണ്ടായിരം സിനിമകൾ ചെയ്തവരുണ്ട് മൂവായിരം സിനിമകൾ ചെയ്തവരുണ്ട്.

സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമയിൽ അഭിനയിച്ചു എന്നത് അറിയുക പോലുമില്ല. ക്യാമറമാൻമാരുണ്ട്, ചന്ദ്രബാബു എന്ന സംവിധായകൻ 150 സിനിമയിൽ കൂടുതൽ ചെയ്തിട്ടുണ്ട്. ഐ.വി ശശി, ശശി കുമാർ സാർ. ഇപ്പോൾ പ്രിയദർശൻ നൂറ് സിനിമ ചെയ്യുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദിയിലൊക്കെ അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Priyadharshan’s 100 Movie