മലയാളസിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ എന്നിവരുടേത്. പ്രിയദര്‍ശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ ആരംഭിച്ച കോമ്പോ മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചു. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, അരം+ അരം കിന്നരം, വന്ദനം. കാലാപാനി തുടങ്ങിയ ക്ലാസിക് സിനിമകള്‍ ഈ കോമ്പോയിലൂടെ സിനിമാപ്രേമികള്‍ക്ക് ലഭിച്ചു. 40 വര്‍ഷത്തെ സിനിമാകരിയറില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 99 സിനിമകള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രിയദര്‍ശന്റെ 100ാമത്തെ സിനിമയില്‍ നായകനാകണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു. ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയിലും 100ാമത്തെ സിനിമയിലും നായകനാവുക എന്ന അപൂര്‍വ ഭാഗ്യം മറ്റൊരു നടനും ലഭിച്ചിട്ടില്ലെന്നും അത് തന്നിലൂടെ ആദ്യം സംഭവിക്കണമെന്ന ചെറിയ മോഹമുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. തങ്ങള്‍ ഒന്നിക്കുമ്പോള്‍ ഒരിക്കലും പ്രേക്ഷകര്‍ക്ക് മോശം സിനിമ നല്‍കരുതെന്നാണ് ചിന്തിക്കുന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍.
ഒരോ തവണ ഒന്നിക്കുമ്പോഴും അത് നല്ലതാകണമെന്ന് മാത്രമേ എപ്പോഴും ചിന്തിക്കാറുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തങ്ങള്‍ അവസാനമായി ഒന്നിച്ച മരക്കാര്‍ നല്ല സിനിമയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് വരെ ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത സിനിമ ഇതിലും മികച്ചതാക്കുമെന്ന ചിന്തയാണ് ഉള്ളതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘എന്റെ സിനിമാജീവിതത്തിലും പ്രിയന്റെ സിനിമാജീവിതത്തിലും നാഴികക്കല്ലായി മാറിയ പല സിനിമകളുമുണ്ട്. അതില്‍ ചിലത് വലിയ വിജയമാകുമ്പോള്‍ ചിലത് ഉദ്ദേശിച്ച രീതിയില്‍ എത്തില്ല. മോശമാകുമെന്ന് വിചാരിച്ചല്ല ഇതൊന്നും ചെയ്യുന്നത്. ഞങ്ങള്‍ ചെയ്ത കഴിഞ്ഞ സിനിമ മരക്കാര്‍ ഇന്ത്യയിലെ മികച്ച സിനിമയായി മാറി. അടുത്ത സിനിമ ഇതിലും മികച്ചതാക്കാനാണ് ശ്രമിക്കുക.
നൂറ് സിനിമ ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ സിനിമ നന്നായെന്ന് വരില്ല. എല്ലാ സിനിമയും നന്നാക്കാനും, എല്ലാ സിനിമയും മോശമാക്കാനും ഒരു സംവിധായകനും പറ്റില്ല. അതുകൊണ്ട് പരാജയത്തില്‍ വിഷമിക്കാറില്ല. അടുത്ത സിനിമയില്‍ കൂടുതല്‍ നന്നാക്കാന്‍ മാത്രമേ ശ്രമിക്കുള്ളൂ. പരാജയവും വിജയവും ഈ കൂട്ടത്തിലുള്ളതാണ്. ഓരോ സിനിമക്കും കൊടുക്കുന്ന ആത്മാര്‍ത്ഥത ഒരുപോലെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Priyadarshan and Marakkar movie