|

അത് മറ്റുള്ളവര്‍ കേള്‍ക്കുന്നത് പൃഥ്വിക്ക് ഇഷ്ടമല്ല, മൈക്കില്‍ പറയാതെ അടുത്ത് വന്ന് പറയും: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ മൂന്ന് സിനിമകളിലും നായകനായത് മോഹന്‍ലാലായിരുന്നു. ലൂസിഫറും ബ്രോ ഡാഡിയും ഇപ്പോള്‍ എമ്പുരാനും വലിയ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ പൃഥ്വിയിലെ സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു സിനിമയുടെ ചിത്രീകരണത്തില്‍ സംവിധായകനും നടനുമായി അറിഞ്ഞോ അറിയാതെയോ ഒരു കെമിസ്ട്രി വര്‍ക്കാകുമെന്നും ആ ഒരു കെമിസ്ട്രി തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒപ്പം പൃഥ്വിരാജ് ഷൂട്ടിനിടെ പറയുന്ന ചില കാര്യങ്ങള്‍ തന്നില്‍ അഡ്രിനാലിന്‍ റഷ് ഉണ്ടാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘പൃഥ്വിക്ക് അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാം. പൃഥ്വി വണ്‍ മോര്‍ എന്ന് പറയുമ്പോള്‍ നമുക്ക് ഒരു അഡ്രിനാലിന്‍ റഷ് ഉണ്ടാകും.

അദ്ദേഹം മനസില്‍ കരുന്ന ഒരു സംഗതി കിട്ടാതിരിക്കുമ്പോള്‍ അദ്ദേഹം അത് വീണ്ടും ആവശ്യപ്പെടുന്നു. അത് അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കുന്നത് എന്നെ സംബന്ധിച്ച് മനോഹരമായ ഒരു കാര്യമാണ്.

അദ്ദേഹം പേഴ്‌സണലായി നമ്മുടെ അടുത്തു വരും. സാധാരണ അദ്ദേഹം മൈക്കിലാണ് പറയുക. പക്ഷേ എന്റെ ഷോട്ടില്‍ അദ്ദേഹം അടുത്ത് വരും. അദ്ദേഹം പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ല.

എന്റെ അടുത്ത് വരും. ചേട്ടാ എനിക്ക് വേണ്ടത് ഇതാണ്. ചേട്ടന്‍ ചെയ്തത് ഇതാണ് എന്നൊക്ക പറയും. അതൊരു മനോഹരമായ മനസിലാക്കലാണ്. എനിക്കൊപ്പം മാത്രമല്ല എല്ലാവരുമായും അദ്ദേഹം അങ്ങനെയാണ്.

അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്താണോ മനസില്‍ കരുതിയത് അത് സാധ്യമാക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യും,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഒരു നടനെന്ന നിലയില്‍ ലാല്‍ സാറില്‍ നിന്നും തനിക്ക് കിട്ടുന്നത് എന്താണെന്ന് പൃഥ്വിയും പറഞ്ഞു.

‘ രാവിലെ 5 മണിക്കാണ് ഷൂട്ട് തുടങ്ങുക. മൈനസ് 5 ഉം ആറും ഡിഗ്രി തണുപ്പില്‍ ാെരു ആക്ഷന്‍ സീക്വന്‍സായിരിക്കും എടുക്കുക. 11 ാമത്തെ ടേക്കായിരിക്കും.

അതൊരിക്കലും അദ്ദേഹത്തിന്റെ പ്രശ്‌നം കൊണ്ടായിരിക്കില്ല. ചിലപ്പോള്‍ ഫോക്കസ് കിട്ടിയിട്ടുണ്ടാകില്ല. ക്യാമറയുടെ എന്തെങ്കിലും കാര്യമുണ്ടാകും.

എന്റെ അസിസ്റ്റന്റുമാര്‍, അത് വിട്ടേക്കൂ, എത്ര സമയമായി എന്നൊക്കെ പറയും. എന്നാല്‍ ആ സമയത്തും ലാല്‍ സാര്‍ അവിടെ നിന്ന് ഓക്കെ വണ്‍ മോര്‍, വണ്‍ മോര്‍ എന്ന് പറയും. അത് അമേസിങ് ആണ്.

എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ലാല്‍ സാറിനെപ്പോലുള്ള ലെജന്റുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയണമെന്നാണ് എന്റെ ആഗ്രഹം. കാരണം നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും.

ഞാന്‍ ഒരു സിനിമയില്‍ അഭിയിക്കുമ്പോള്‍ എങ്ങനെ ആയിരിക്കണം എന്റെ സംവിധായകരോട് പെരുമാറേണ്ടത് എന്ന് ലാല്‍ സാറില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുണ്ട്,’ പൃഥ്വി പറഞ്ഞു.

Content Highlight: Mohanlal about Prithviraj as a Director and the Chemistry that work