പ്രണവിനെ പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ് പ്രണവെന്നും യാത്രകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പണ്ട് താനും ഒരുപാട് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും എന്നാല്‍ സിനിമയുടെ തിരക്കില്‍ പെട്ടുപോയെന്നും മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ പോയിരുന്നെങ്കില്‍ ഇന്ന് ഇതുപോലെ നിങ്ങളുടെ മുമ്പിലിരുന്ന് സംസാരിക്കില്ലായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. നേര് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ്. ഇഷ്ടമില്ലാത്ത ഒരാളോട് ഞാന്‍ പോയി സിനിമയെ പറ്റി ചോദിക്കാനും പാടില്ല. അദ്ദേഹം യാത്രകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഒരു പുസ്തകം എഴുതുന്നുണ്ട്. യാത്രകള്‍ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. പക്ഷേ ഞാന്‍ സിനിമയിലേക്ക് കൂടുതല്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്തുപോയി.
പണ്ട് ഞാനും യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നമ്മുടെ തിരക്കുകള്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്നതാണ്. ആ ഒഴുക്കില്‍ പെട്ട് അതിലേക്ക് മാറിപ്പോയി. ഇല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ നിങ്ങളുടെ മുമ്പിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു. നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.
Content Highlight: Mohanlal about Pranav Mohanlal