| Wednesday, 24th January 2024, 12:10 pm

ഒടിയന്‍ സിനിമയുടെ കാര്യത്തില്‍ ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു, ചില കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ വ്യത്യസ്ത ലുക്കിൽ എത്തി തിയേറ്ററിൽ വേണ്ടത്ര സ്വീകാര്യത നേടാൻ കഴിയാതെ പോയ സിനിമയാണ് ഒടിയൻ. ചിത്രത്തിന് കിട്ടിയ ഹൈപ്പാണ് തിയേറ്ററിൽ പരാജയപ്പെടാൻ കാരണമെന്ന് പറഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു ഹൈപ്പ് മലൈക്കോട്ടൈ വാലിബൻ വരുമ്പോൾ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് രണ്ടും രണ്ട് സിനിമകളെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഒടിയൻ താൻ മോശമായിട്ട് കാണുന്നില്ലെന്നും എന്തുകൊണ്ട് ഓടിയില്ല എന്നത് പഠനം നടത്തേണ്ട കാര്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.

‘രണ്ടും രണ്ട് സിനിമകളാണ്. ആ സിനിമയും ഒരു മോശം സിനിമയായി ഞാൻ കണക്കാക്കുന്നില്ല. ആൾക്കാർക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്ന് നമുക്ക് പറയാൻ പറ്റില്ല. ചില സിനിമകളെ മനപ്പൂർവം ഇഷ്ടമാകാതിരിക്കാനുള്ള സാഹചര്യമുള്ള സമയമാണിത്. ഞാൻ മോശമായിട്ട് പറയുന്നതല്ല.

ഒടിയൻ എന്ന സിനിമ ഒരു മാജിക്കിന്റെ കഥയാണ്. ഹ്യൂമൻ ഇമോഷൻസ് ഒക്കെയുള്ള കഥയാണ്. എന്തുകൊണ്ട് ഓടിയില്ല എന്നത് പഠനം ആയിട്ട് ചെയ്യേണ്ട കാര്യമാണ്. ഒരുപക്ഷേ അതിന്റെ ക്ലൈമാക്സ് ശരിയാകാത്തത് കൊണ്ടായിരിക്കാം. എന്തോ ഒരു കുഴപ്പമുള്ളതുകൊണ്ടാണ് അത് ശരിയാകാത്തത്. അത്തരം കുഴപ്പങ്ങൾ ഉണ്ടാകുമോ എന്ന് എനിക്ക് ഈ സിനിമയെക്കുറിച്ച് പറയാൻ പറ്റില്ല.

ഞങ്ങളുടെ കാഴ്ചപ്പാടിൽ ഇത് നല്ല സിനിമയാണ്. ഒടിയനും എന്റെ കാഴ്ചപ്പാടിൽ നല്ല സിനിമയാണ്. ഞാൻ അഭിനയിച്ച, ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ലോകത്തുള്ള എത്രയോ വലിയ സിനിമകൾ മോശമായി പോയിട്ടുണ്ട്. എത്ര വലിയ ഡയറക്ടേഴ്സിന്റെ സിനിമകൾ മോശമായിട്ടുണ്ട്.

മോശം സിനിമ അല്ലെങ്കിലും, മറ്റുള്ളവർ മോശമായി കണ്ട സിനിമകൾ സൂപ്പർ ഹിറ്റ് ആയിട്ടുണ്ട്. ഇതൊരു മാജിക് റെസിപ്പി ആണ്. ആ റെസിപ്പിയെ കുറിച്ച് ലോകത്ത് ആർക്കും അറിയില്ല. നമ്മൾ ഒരു കറിയുണ്ടാക്കി കൊടുക്കുന്നു. അതൊരു നല്ല ഫുഡ് ആണെന്ന് പറഞ്ഞ് ഞാൻ നിങ്ങൾക്ക് തരുന്നു. നിങ്ങൾ അത് കഴിച്ചു നോക്കിയിട്ട് മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് കിട്ടുന്ന സംതൃപ്തി പോലെ തന്നെയാണ് ഇതും. ഞങ്ങൾ കഷ്ടപ്പെട്ട് ഒരു പ്രോഡക്റ്റ് ഉണ്ടാക്കിത്തരുന്നു, അത് മധുരം ആണെന്ന് പറയാം എന്നാൽ കയ്‌പ്പാണെന്ന് പറയേണ്ട(ചിരി),’ മോഹൻലാൽ പറഞ്ഞു.

Content Highlight: Mohanlal about odiyan movie’s failure

We use cookies to give you the best possible experience. Learn more