| Wednesday, 4th December 2024, 11:58 am

മറ്റുള്ളവർ മോശമായി കണ്ട ആ സിനിമകൾ പിന്നീട് സൂപ്പർ ഹിറ്റായിട്ടുണ്ട്, അതൊരു മാജിക് റെസിപിയാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് പകരക്കാരനില്ലാത്ത  അഭിനേതാവാണ്. നാല്പത് വർഷത്തെ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും റിലീസിനൊരുങ്ങുമ്പോൾ ആകാംക്ഷയിലാണ് സിനിമ പ്രേമികളും ലാൽ ആരാധകരും.

ബോക്സ് ഓഫീസിലെ വിജയ പരാജയങ്ങൾ ഒരുപോലെ രുചിച്ചറിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. മലയാള സിനിമ കണ്ടതിൽ ഏറ്റവും വലിയ ഹൈപ്പോടെയും പ്രമോഷനോടെയും വന്ന മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ തുടങ്ങിയ വലിയ താരനിര അണിനിരന്നിരുന്നു.

മലയാളത്തിൽ ആദ്യമായി ഒടി വിദ്യ ആസ്പദമാക്കി ഒരു സിനിമ വരുന്നതും കഥാപാത്രത്തിനായി മോഹൻലാൽ നടത്തിയ രൂപമാറ്റവുമെല്ലാം വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് സൃഷ്ടിച്ചത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ തന്റെ കാഴ്ച്ചപാടിൽ അതൊരു നല്ല സിനിമയാണെന്ന് പറയുകയാണ് മോഹൻലാൽ.

താൻ അഭിനയിച്ച അല്ലെങ്കിൽ കാണുന്ന സിനിമകളെല്ലാം നല്ലതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ലോകത്ത് ഒരുപാട് മികച്ച സംവിധായകരുടെ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. മറ്റുള്ളവർ മോശമായി കണ്ട പല സിനിമകളും സൂപ്പർ ഹിറ്റായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ഫോർത്തിനോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘ഒടിയനും എന്റെ കാഴ്ചപ്പാടിൽ നല്ലൊരു സിനിമയാണ്. കാരണം ഞാൻ അഭിനയിച്ച എല്ലാ സിനിമകളും, അല്ലെങ്കിൽ ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിന്റെ ജയ പരാജയങ്ങൾ നോക്കിയിട്ട് കാര്യമില്ല.

ലോകത്തുള്ള എത്രയോ വലിയ സിനിമകൾ, എത്രയോ വലിയ സംവിധായകരുടെ സിനിമകൾ മോശമായി പോയിട്ടുണ്ട്. അതിനൊന്നും ഒരു ന്യായീകരണം പറയാൻ കഴിയില്ല. അങ്ങനെ എത്ര സിനിമകൾ. മോശം സിനിമകൾ ഇല്ലെങ്കിലും മറ്റുള്ളവർ മോശമായിട്ട് കണ്ട പല സിനിമകളും വളരെ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഇതൊരു മാജിക് റെസിപിയാണ്. അതിനെ കുറിച്ച് ലോകത്ത് ആർക്കും അറിയില്ല,’മോഹൻലാൽ പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ എമ്പുരാന്റെ ഷൂട്ട് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും മോഹൻലാൽ ഭാഗമാകുന്നുണ്ട്.
കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: Mohanlal About Odiyan Movie And Other Movies

Latest Stories

We use cookies to give you the best possible experience. Learn more