|

ഒരു ആക്ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി അച്ഛന്‍- മകന്‍ ബന്ധത്തിന്റെ ഇമോഷന്‍ പറയുന്ന കഥയായിട്ടാണ് ആ സിനിമയെ ഞാന്‍ കാണുന്നത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു നരസിംഹം. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമായിരുന്നു മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ഒരു മാസ് മസാല സിനിമക്ക് വേണ്ട എല്ലാ ഫ്‌ളേവറുകളുമുള്ള ചിത്രമായിരുന്നു നരസിംഹം.

എന്നാല്‍ ആക്ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ശക്തമായ ഇമോഷന്‍ നരസിംഹത്തിലുണ്ടെന്ന് പറയുകയാണ് മോഹന്‍ലാല്‍. വെറുതേ നാലഞ്ച് ആക്ഷന്‍ സീനുകള്‍ കാണിച്ചാല്‍ അതൊരിക്കലും നല്ല സിനിമയാകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം നരസിംഹത്തില്‍ വളരെ മനോഹരമായി കാണിച്ചിട്ടുണ്ടെന്നും ആ ഇമോഷനാണ് സിനിമയുടെ കോര്‍ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന് മകനോടുള്ള സ്‌നേഹവും ദേഷ്യവും വളരെ മികച്ച രീതിയില്‍ ആ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അതിനെ കൂടുതല്‍ എന്റര്‍ടൈന്‍ ആക്കാന്‍ വേണ്ടിയാണ് മറ്റ് ഘടകങ്ങള്‍ ചേര്‍ത്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആ സിനിമയില്‍ മദ്യപിക്കുന്നതും പൊലീസിനെ തല്ലുന്നതുമൊക്കെ കാണിക്കുന്നുണ്ടെന്നും അതൊന്നും സമൂഹത്തില്‍ ആരും ചെയ്യാന്‍ പാടില്ലാത്തതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന് ചെയ്യാന്‍ പറ്റാത്തത് സിനിമയില്‍ കാണാന്‍ സാധിച്ചതുകൊണ്ടാണ് ആ സിനിമകള്‍ ഹിറ്റായതെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമ എന്നത് വ്യത്യസ്തമായ ഒരു സാങ്കല്പിക ലോകമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘വെറുമൊരു ആക്ഷന്‍ എന്റര്‍ടൈനറായി നരസിംഹം എന്ന സിനിമയെ കാണാന്‍ സാധിക്കില്ല. അതില്‍ ശക്തമായ ഒരു ഇമോഷണല്‍ കണ്ടന്റുണ്ട്. ചുമ്മാ നാലഞ്ച് ഫൈറ്റ് കാണിച്ചാല്‍ സിനിമ ആളുകള്‍ക്ക് കണക്ടാകണമെന്നില്ല. ഒരു അച്ഛനും മകനും തമ്മിലുള്ള റിലേഷന്റൈ പല തലങ്ങള്‍ നരസിംഹത്തില്‍ കാണിക്കുന്നുണ്ട്.

ആ അച്ഛന് മകനോടുള്ള സ്‌നേഹവും ദേഷ്യവുമെല്ലാം സിനിമയില്‍ കാണിക്കുന്നുണ്ട്. അതിനെ കുറച്ച് എന്‍ഗേജ് ചെയ്യിക്കാനാണ് ആക്ഷന്‍ സീക്വന്‍സുകളും പാട്ടും എല്ലാം ഉള്‍പ്പെടുത്തിയത്. നായകന്റെ ഗ്യാങ്, അവര്‍ ഒരുമിച്ചിരുന്നുള്ള മദ്യാപനം ഇതൊക്കെ പലര്‍ക്കും ഇഷ്ടമായി. റിയല്‍ ലൈഫില്‍ അങ്ങനെ മദ്യപിക്കാനൊന്നും പാടില്ല.

സാധാരണക്കാരന് ചെയ്യാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ കാണിക്കുന്നുണ്ട്. പൊലീസുകാരനെ തല്ലുന്നതൊന്നും റിയല്‍ ലൈഫില്‍ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. അതൊക്കെ സ്‌ക്രീനില്‍ ഒരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ക്ക് സന്തോഷമാകും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Narasimham movie and its emotional part

Video Stories