| Wednesday, 1st January 2025, 10:52 am

ഇനി ഞാൻ മാത്രമേ ബാക്കിയുള്ളൂ എന്ന ചിന്ത അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്.

മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചെമ്മീൻ, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം നായകനായ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്കൊപ്പവും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. മധുവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. നരൻ, നാടുവാഴികൾ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

മധുവിന്റെ വാക്കുകളിൽ പലപ്പോഴും വേദനയുടെ അംശം കടന്നുവരാറുണ്ടെന്നും സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച പലരും വിട പറഞ്ഞതിന്റെ ശൂന്യത അദ്ദേഹത്തിനുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. കുടുംബത്തോടെയൊപ്പം ചെമ്മീൻ എന്ന സിനിമ കാണാൻ പോയത് ഇപ്പോഴും ഓർമയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മധുസാറിന്റെ വാക്കുകളിൽ പലപ്പോഴും വേദനയുടെ ചില അംശങ്ങൾ കടന്നുവരാറുണ്ട്. സിനിമയിൽ അദ്ദേഹത്തിനൊപ്പം നടിച്ചവർ ഓരോരുത്തരായി ജീവിതത്തിൻ്റെ അരങ്ങൊഴിഞ്ഞുപോയത് വല്ലാത്ത ദുഃഖവും ശൂന്യതയും ആ മനസിൽ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

സത്യൻ മാഷ്, നസീർ സാർ, തിക്കുറിശ്ശി, കൊട്ടാരക്കര, അടൂർ ഭാസി, സോമൻ, സുകുമാരൻ, ജയൻ, ജോസ്പ്രകാശ്, കെ.പി. ഉമ്മർ, ബാലൻ കെ.നായർ.. ഇവരെയെല്ലാം ടി.വിയിൽ കാണുമ്പോൾ ഇനി ഞാൻ മാത്രമേ ബാക്കിയുള്ളൂ എന്ന ചിന്ത അദ്ദേഹത്തിനെ വേദനിപ്പിക്കുന്നുണ്ടോ? മധുസാറിൻ്റെ വാക്കുകളിൽ നിന്നും പലപ്പോഴും ആ സന്ദേഹം ഞാൻ വായിച്ചെടുത്തിട്ടുണ്ട്.

മധുസാർ എന്നിലെ സിനിമാസ്വാദകനിലേക്ക് മറക്കാനാകാത്ത ഒരു ദൃശ്യമായി കടന്നുവന്നതെപ്പോഴാണെന്ന് കൃത്യമായി ഓർമയില്ല. ഒരുപക്ഷെ, ചെമ്മീനിലെ പരീക്കുട്ടിയുടെ വേഷത്തിലായിരിക്കാം. അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ‘ചെമ്മീൻ’ കാണാൻ പോയതിൻറെ നേരിയ ഓർമകൾ ഇന്നും മനസിലുണ്ട്. പിന്നീട് കോളേജ് പഠനകാലത്തിനിടയിൽ കണ്ടുതീർത്ത മധുസാറിന്റെ ഒട്ടേറെ ചിത്രങ്ങളുമുണ്ട്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Moments With Actor Madhu

We use cookies to give you the best possible experience. Learn more