| Wednesday, 16th June 2021, 6:25 pm

ശോഭനയോ മഞ്ജു വാര്യരോ? കൂടെ അഭിനയിച്ചവരില്‍ മികച്ച നടിയാരെന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ തന്റെ നായികമാരായി അഭിനയിച്ച നടി ശോഭനയെപ്പറ്റിയും മഞ്ജു വാര്യരെപ്പറ്റിയും മോഹന്‍ലാല്‍ നടത്തിയ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മികച്ച നടിയാരെന്ന ചോദ്യത്തിന് ലാലേട്ടന്‍ നല്‍കിയ ഉത്തരമാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. സ്‌പോട്ട്‌ലൈറ്റ് മീഡിയ ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും തന്റെ കൂടെ അഭിനയിച്ചവരാണെന്നും ഇവരില്‍ ആരാണ് മികച്ചതെന്ന് പറയാന്‍ പ്രയാസമാണെന്നുമാണ് ലാലേട്ടന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ താന്‍ തെരഞ്ഞെടുക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉളളുവെന്നും മോഹന്‍ലാല്‍ പറയുന്നു.

‘ശോഭന എനിക്കൊപ്പം അമ്പത്തിനാലോളം സിനിമകളില്‍ അഭിനയിച്ച ആളാണ്. മഞ്ജു വാര്യര്‍ ഏഴോ എട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ എനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. പക്ഷെ എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആണ് ഞാന്‍ തെരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉള്ളു,’ മോഹന്‍ലാല്‍ പറഞ്ഞു.

ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്‍നിരയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നായികവേഷം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യര്‍ ആണ്.


Content Highligts: Mohanlal About Manju Warrier And Shobhana

We use cookies to give you the best possible experience. Learn more