| Thursday, 9th January 2025, 8:09 am

മമ്മൂക്കയുടെ ആ വാക്കുകൾ ഒരുപദേശം പോലെ സത്യേട്ടൻ എന്നോട് പറയും, നടനാവാൻ ജനിച്ചതാണ് അദ്ദേഹം: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മമ്മൂട്ടി, മോഹൻലാൽ’ ഈ പേരുകൾ പറയാതെ മലയാള സിനിമ പൂർണമാവില്ല. നാലുപതിറ്റാണ്ടോളമായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ഇരുവരും. ഏകദേശം ഒന്നിച്ച് കരിയർ തുടങ്ങിയ മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് പടയോട്ടം എന്ന സിനിമയിലാണ്.

പിന്നീട് പലപ്പോഴും രണ്ടുപേരും ഒന്നിച്ച് സ്‌ക്രീനിലെത്തി. വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നൊരു ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. മഹേഷ് നാരായണനാണ് ചിത്രം ഒരുക്കുന്നത്.

മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി തന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലായെന്ന് പറയുകയാണ് മോഹൻലാൽ. രണ്ടുപേരും വ്യത്യസ്തരാണെന്നും മമ്മൂട്ടി നടനാവാൻ വേണ്ടി മാത്രം ജനിച്ച വ്യക്തിയാണെന്നും മോഹൻലാൽ പറയുന്നു. എന്നും ദൃഢനിശ്ചയത്തോടെയായിരുന്നു മമ്മൂട്ടിയുടെ യാത്രയെന്നും എന്നാൽ താൻ അങ്ങനെയല്ലെന്നും മോഹൻലാൽ പറഞ്ഞു. സിനിമ പാഷനായ മമ്മൂട്ടിയുടെ വാക്കുകൾ ഒരുപദേശം പോലെ സംവിധായകൻ സത്യൻ അന്തിക്കാട് തന്നോട് പറയാറുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങൾ ഒരുമിച്ചഭിനയിച്ചുണ്ട്. ഞാൻ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം ഞങ്ങൾ രണ്ടുപേരും തീർത്തും വ്യത്യസ്‌തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങൾക്കറിയാമായിരുന്നു എന്നതാണ്.

നടനാവാൻ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി.

തൻ്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷൻ. മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യൻ അന്തിക്കാട് ഒരുപദേശം പോലെ ഓർമ്മിപ്പിക്കാറുണ്ട്. സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്.

ഇത് നന്നായി അറിഞ്ഞു കൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു. എന്റെ കാര്യം നേരെ തിരിച്ചാണ്. ഞാനത് പലതവണ പലയിടത്തും പറഞ്ഞതുമാണ്. സിനിമ എന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല, ഒരിക്കലും. ഇപ്പോഴും ഇതുതന്നെയാണോ എന്റെ ജോലി എന്നെനിക്കറിയില്ല. സൗഹൃദങ്ങളിലൂടെ ഇവിടെ വന്നുപെട്ടയാളാണ് ഞാൻ.

യാതൊരുവിധ പരിശീലനങ്ങളും ലഭിച്ചിട്ടില്ല. അഭിനയിക്കാനായി ഒരുവിധ തയ്യാറെടുപ്പുകളും നടത്താറില്ല. എല്ലാം നേരെയാവണേ എന്ന പ്രാർത്ഥനയോടെ അങ്ങ് ചെയ്യുന്നു,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Mammooty’s Passion For Acting

We use cookies to give you the best possible experience. Learn more