‘മമ്മൂട്ടി, മോഹൻലാൽ’ ഈ പേരുകൾ പറയാതെ മലയാള സിനിമ പൂർണമാവില്ല. നാലുപതിറ്റാണ്ടോളമായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ഇരുവരും. ഏകദേശം ഒന്നിച്ച് കരിയർ തുടങ്ങിയ മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് പടയോട്ടം എന്ന സിനിമയിലാണ്.
പിന്നീട് പലപ്പോഴും രണ്ടുപേരും ഒന്നിച്ച് സ്‌ക്രീനിലെത്തി. വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നൊരു ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. മഹേഷ് നാരായണനാണ് ചിത്രം ഒരുക്കുന്നത്.
വലിയ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു കാതൽ ദി കോർ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ പുരസ്കാരങ്ങളും നേടിയിരുന്നു. തനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ് കാതലെന്നും ഒരു അഭിനേതാവിനെ സംബന്ധിച്ച് ആ കഥാപാത്രം ഒരു വെല്ലുവിളിയാണെന്നും മോഹൻലാൽ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
കാതൽ പോലൊരു സിനിമ ചെയ്യുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് വലിയ ചലഞ്ച് ആണ്
– മോഹൻലാൽ
‘നമ്മളെ പോലെ മോശമായ കഥാപാത്രം ചെയ്ത ആരുമുണ്ടാവില്ല. പണ്ട് കാലങ്ങളിലെല്ലാം ഞാൻ ഒരു വില്ലനായിട്ട് വന്ന ആളാണ്. ഉയരങ്ങളിൽ സദയം തുടങ്ങിയ സിനിമകളൊക്കെ അങ്ങനെയല്ലേ. ഞാൻ നാളെ ഇരുന്നിട്ട് ഗ്രേ ഷെഡ് ഉള്ള കഥാപാത്രം ചെയ്യാമെന്ന് ചിന്തിക്കുകയല്ലലോ. ഞാൻ അദ്ദേഹത്തിന്റെ കാതൽ എന്ന സിനിമ കണ്ടു.
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് കാതൽ. മമ്മൂക്ക വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ്. അങ്ങനെയൊരു സിനിമ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ എനിക്ക് പറയാൻ പറ്റില്ല. അങ്ങനെ ഒരു സിനിമ നമ്മുടെ അടുത്തേക്ക് വരികയാണ്. അങ്ങനെയൊരു സിനിമ ചെയ്യുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ച് ആണ്.
അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഇവിടെയാണല്ലോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉള്ളത്. പുറത്തൊക്കെ പോയി കഴിഞ്ഞാൽ അതുപോലുള്ള സിനിമകൾ നമുക്ക് ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷേ പറ്റുമെന്ന് തെളിയിച്ച സിനിമകളാണ് ഇതെല്ലാം.
സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുമ്പോഴാണ് അത്തരം ആളുകളെ അംഗീകരിക്കാൻ കഴിയുക. വീണ്ടും ഞാൻ പറയുകയാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ചാണ് അതുപോലെ ഭാഗ്യമാണ്,’ മോഹൻലാൽ പറഞ്ഞു.
Content Highlight: Mohanlal About Mammooty’s Character In Kaathal The Core Movie