മമ്മൂട്ടിയും മോഹൻലാലും മലയാളികളുടെ മനസിൽ കയറിയിട്ട് നാല് പതിറ്റാണ്ടായി. അന്നും ഇന്നും പ്രേക്ഷകർക്ക് ഒരേ ആവേശം സമ്മാനിക്കുന്ന സൂപ്പർസ്റ്റാറുകളും നടന്മാരുമാണ് ഇരുവരും.
മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നൊരു ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. മഹേഷ് നാരായണനാണ് ചിത്രം ഒരുക്കുന്നത്.
മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. പടയോട്ടം എന്ന സിനിമ മുതൽ മമ്മൂട്ടിയുമായി അടുപ്പമുണ്ടെന്നും അന്നും ഇന്നും അദ്ദേഹം ഒരുപോലെയാണെന്നും മോഹൻലാൽ പറയുന്നു. ശരീരം കാത്തുസൂക്ഷിക്കുന്നതിൽ മമ്മൂട്ടി കാണിക്കുന്ന ശ്രദ്ധ എടുത്ത് പറയണമെന്നും ആ കാര്യത്തിൽ തനിക്ക് അദ്ദേഹത്തോട് അസൂയ തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. യാതൊരുവിധ നിയന്ത്രണങ്ങളും സ്ഥിരമായി കൊണ്ടുനടക്കാൻ കഴിയാത്ത ആളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്രവർഷത്തെ ബന്ധമാണ്. ഓർമകൾ പടയോട്ടം എന്ന സിനിമയുടെ കാലത്തേക്ക് തിരിച്ചുപോവുന്നു. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് ഞാൻ പറഞ്ഞാൽ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാൽ, അക്ഷരാർത്ഥത്തിൽ അതാണ് ശരി.
ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങൾ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തിൽ ഒരു മാറ്റവുമില്ല.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരം കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ജാഗ്രതയാണ്. ഗായകന് ശബ്ദം എന്നതുപോലെ ഒരു നടൻ്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം. ചിട്ടയോടെ ഇക്കാര്യം വർഷങ്ങളായി പാലിക്കുന്ന ഒരേയൊരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവുമധികം അസൂയയുള്ളതും.
ആത്മനിയന്ത്രണം മമ്മൂട്ടിയിൽനിന്നും മനസിലാക്കേണ്ടതാണ്. പലപ്പോഴും പലയിടത്തുവച്ചും ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്.
തനിക്കാവശ്യമുള്ള അളവ് കഴിഞ്ഞാൽ ഒരു മാത്രപോലും മമ്മൂട്ടി അധികം കഴിക്കില്ല. ആരൊക്കെ, അവർ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തിൽ നിർബന്ധിച്ചാലും തൻ്റെ തീരുമാനത്തിൽ നിന്ന് മമ്മൂട്ടി പിന്മാറില്ല. എൻ്റെ സ്വഭാവം നേരെ മറിച്ചാണ്. യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാൻ സാധിക്കാറില്ല,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Mammooty’s Acting And Body Maintenance