| Tuesday, 24th December 2024, 2:58 pm

ഞങ്ങളെ രണ്ടുപേരെയും ഒരു സിനിമയിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഇൻഡസ്ട്രികൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾ എന്നതിലുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന ഒരു സിനിമക്കായി നാളേറെയായി മലയാളികൾ കാത്തിരിക്കുകയായിരുന്നു.

ഈയിടെ സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ സിനിമയിൽ ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്തകൾ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ അഭിനേതാക്കളും സിനിമയുടെ ഭാഗമാവുമെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടിയുമൊത്തുള്ള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. തങ്ങൾ ഏകദേശം ഒരേസമയം കരിയർ തുടങ്ങിയവരാണെന്നും അടുത്ത സുഹൃത്തുക്കളാണെന്നും മോഹൻലാൽ പറയുന്നു. ഇരുവരെയും ഒരു സിനിമയിൽ ഉൾപ്പെടുത്തുന്നത് പ്രയാസമുള്ള കാര്യമാണെന്നും ഒന്നിച്ച് ഒരുപാട് സിനിമകൾ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. സൺ മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും മമ്മൂട്ടിക്കയും ഏകദേശം ഒരേസമയത്ത് തന്നെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. ഞങ്ങൾ ഒരു 54 സിനിമകളോളം ഒന്നിച്ച് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഞങ്ങൾ ഒന്നിച്ചുള്ള മറ്റൊരു സിനിമയും തുടങ്ങിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ബാക്കു എന്ന സ്ഥലത്ത് ഷൂട്ടിലാണ്. ആ സിനിമയുടെ ഷൂട്ട് തുടങ്ങിയത് ശ്രീലങ്കയിലാണ്.

ഞങ്ങൾ നല്ല അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളെ രണ്ടുപേരെയും ഒരു സിനിമയിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് സിനിമകൾ ഒന്നിച്ച് ചെയ്യണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്,’മോഹൻലാൽ പറയുന്നു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്മസ് ദിനത്തിൽ റിലീസാവും. ത്രീ.ഡിയായി ഒരുങ്ങുന്ന സിനിമയിൽ മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രം.

Content Highlight: Mohanlal About Mammooty And There  Films

We use cookies to give you the best possible experience. Learn more