മലയാള സിനിമയിലെ മഹാനടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് എക്കാലത്തും പറയുന്ന ചില കഥകളുണ്ട്. പ്രത്യേകിച്ചും രണ്ടു പേരുടെയും സ്വഭാവസവിശേഷതകളെ കുറിച്ച്. മോഹന്‍ലാല്‍ വിനയമുള്ളവനും എല്ലാവരോടും സൗമ്യമായി പെരുമാറുന്നയാളുമാണെങ്കില്‍ വളരെ കര്‍ക്കശക്കാരനാണ് മമ്മൂട്ടിയെന്നാണ് പറയാറുള്ളത്.
ഇത്തരത്തിലൊരു താരതമ്യവും വ്യത്യസ്തമായ സ്വാഭാവസവിശേഷതകളും തങ്ങള്‍ക്ക് മേല്‍ വന്നുചേര്‍ന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ ‘കാര്‍ക്കശ്യത്തെ’ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും സംസാരിച്ചത്.
‘കഥാപാത്രങ്ങളിലൂടെയാണല്ലോ ഒരു അഭിനേതാവിനെ ലോകം വിശകലനം ചെയ്യുന്നത്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ വലിയൊരു പങ്ക് ഒരുപാട് കുസൃതിയും കുറുമ്പുകളും ഉള്ളവയായിരുന്നു. അവയുടെയൊക്കെ നിഴലുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാവും.
നമ്മള്‍ സ്ഥിരമായി ഒരു ജോലി ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ നമ്മളിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഞാന്‍ നന്നായി തമാശ പറയുന്നയാളാണ്. മമ്മൂട്ടിക്കയും അങ്ങനെ തന്നെ, പക്ഷെ മറ്റൊരു തരത്തിലാണെന്ന് മാത്രം.
കാര്‍ക്കശ്യക്കാരനാണ് താന്‍ എന്ന് വരുത്തിതീര്‍ക്കുന്നയാളാണ് മമ്മൂട്ടിക്ക. അത് അദ്ദേഹത്തിന്റെ ഒരു പരിചയാണ്. അങ്ങനെയൊക്കെ വേണം, അല്ലെങ്കില്‍ എല്ലാവരും വന്ന് മേഞ്ഞിട്ട് പോവില്ലേ. എനിക്കങ്ങനെ പരിചയൊന്നുമില്ല. അതുകൊണ്ട് ഒരുപാട് പേര്‍ക്ക് എന്റെ മുകളില്‍ കയറാനുള്ള സ്വാതന്ത്ര്യമുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.
മമ്മൂട്ടിക്ക് ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോയും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളുമ്മകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ ചെയ്തിരിക്കുന്നത്.
മമ്മൂട്ടി തനിക്ക് ജ്യേഷ്ഠ സഹോദരനാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം തനിക്കും ആഘോഷദിവസമാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. മമ്മൂട്ടിയോടൊപ്പം തന്റെ പേരും പറയുന്നത് ഒരു ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹത്തോടൊപ്പം ഇനിയും മികച്ച സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.