| Wednesday, 1st September 2021, 3:26 pm

സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍; മമ്മൂട്ടി അങ്ങനെയല്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയ്‌ക്കൊപ്പം തന്നെ വളര്‍ന്ന സൗഹൃദങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും. ഇരുവരും തമ്മിലുള്ള സൗഹൃദം ആരാധകരും സന്തോഷത്തോടെ നോക്കിക്കാണുന്ന ഒന്നാണ്.

മലയാളസിനിമയില്‍ 50 വര്‍ഷം പിന്നിട്ട മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ചും ഇച്ചാക്കയെന്ന് താന്‍ വിളിക്കുന്ന മമ്മൂക്കയുമൊത്തുള്ള തന്റെ നല്ല നിമിഷങ്ങളെ കുറിച്ചും മോഹന്‍ലാല്‍ നേരത്തെ വിവിധ വേദികളില്‍ സംസാരിച്ചിരുന്നു.

ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ജാഗ്രതയെ കുറിച്ചും അതിന് വേണ്ടി അദ്ദേഹം എടുക്കുന്ന ശ്രമങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മോഹന്‍ലാല്‍.

സൗഹൃദങ്ങളുടെ പേരില്‍ താന്‍ ശരീരസംരക്ഷണത്തിലും ഭക്ഷണനിയന്ത്രണത്തിലും പലപ്പോഴും വിട്ടുവീഴ്ച വരുത്താറുണ്ടെങ്കിലും മമ്മൂട്ടി അങ്ങനെയല്ലെന്നും ആത്മനിയന്ത്രണം അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ടതാണെന്നുമാണ് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

”പലപ്പോഴും പലയിടത്തുവച്ചും ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്കാവശ്യമുള്ള അളവ് കഴിഞ്ഞാല്‍ ഒരു മാത്രപോലും മമ്മൂട്ടി അധികം കഴിക്കില്ല. ആരൊക്കെ, അവര്‍ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍നിന്ന് മമ്മൂട്ടി പിന്മാറില്ല.

എന്റെ സ്വാവം നേരെ മറിച്ചാണ്. യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല. സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍ക്ക് എന്നാണനുഭവം.

ഗായകന് ശബ്ദം എന്നതുപോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധര്‍മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളോളം പാലിക്കുന്ന ഒരേയൊരാളെ മാത്രമേ താന്‍ കണ്ടിട്ടുണ്ടുള്ളൂ. അത് മമ്മൂട്ടിയാണ്.

ആയുര്‍വേദ ചികില്‍സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ആയുര്‍വേദത്തില്‍ നിന്ന് മമ്മൂട്ടിയല്ല, ഇക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്നും ആയുര്‍വേദമാണ് പഠിക്കേണ്ടത്.

അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. ഞാന്‍ മമ്മൂട്ടിയെപ്പോലെ അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം ഞങ്ങള്‍ രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരായ മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിയാമായിരുന്നു എന്നതാണ്,” മോഹന്‍ലാല്‍ പറഞ്ഞു.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

1982ല്‍ പുറത്തിറങ്ങിയ പടയോട്ടം ആണ് മോഹന്‍ലാലും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമ. ഇരുവരും ഇതുവരെ 53 സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mohanlal About Mammootty

We use cookies to give you the best possible experience. Learn more